Movies
ദൈവത്തിന്റെ കൈയൊപ്പ് പതിഞ്ഞ ശബ്ദമാണ് എസ്. ജാനകിയുടെത് എന്ന് സാംസ്കാരിക വകുപ്പ് മന്ത്രി പി.സി. വിഷ്ണുനാഥ്. കമുകറ ഫൗണ്ടേഷനും ജീവൻ ടി വിയും ചേർന്ന് സംഘടിപ്പിച്ച എസ്. ജാനകി അനുസ്മരണ ഗാന സന്ധ്യ മഞ്ഞണി പൂനിലാവിൽ മുഖ്യാതിഥിയായി പങ്കെടുത്ത് പ്രസംഗിക്കുകയായിരുന്നു മന്ത്രി.
ശാസ്ത്രീയ സംഗീതം അഭ്യസിക്കാതെയാണ് ജാനകിയമ്മ നാൽപ്പതിനായിരത്തിൽ അധികം ഗാനങ്ങൾ ആലപിച്ചത് എന്ന് പലരും ഇപ്പോൾ അനുസ്മരിക്കുന്നുണ്ട്. പി.സി വിഷ്ണുനാഥ് പറഞ്ഞു. എന്നാൽ ഇതിന് ഒരു തിരുത്തുണ്ട്. ഈ ഭൂമിയിൽ വച്ച് ജാനകിയമ്മ ശാസ്ത്രീയമായി സംഗീതം അഭ്യസിച്ചിട്ടില്ല എന്നേയുള്ളൂ. സംഗീതം മുഴുവൻ പഠിപ്പിച്ച ശേഷമാണ് ദൈവം ഇവിടേക്ക് എസ്. ജാനകിയെ അയച്ചത്. സദസിൽ നിന്ന് ഉയർന്ന കരഘോഷത്തിന് ഇടയിൽ മന്ത്രി വ്യക്തമാക്കി.
ഓരോ ഭാഷയിൽ പാടുമ്പോഴും ആ ഭാഷയുടെ ആത്മാവിൽ തൊട്ടാണ് ജാനകിയമ്മ പാടിയിരുന്നത്. അതുകൊണ്ടു തന്നെ മലയാളികൾ ക്കു ജാനകിയമ്മ മലയാളിയായും തമിഴ്നാട്ടുകാർക്കും കന്നടക്കാർക്കും അവരുടെ സ്വന്തം ഗായികയായും അനുഭവപ്പെട്ടതെന്നും മന്ത്രി പറഞ്ഞു.
ചാന്തുപൊട്ട് എന്ന ലാൽ ജോസ് ചിത്രത്തിനു വേണ്ടി എസ്. ജാനകി ആലപിച്ച ആഴക്കടലിന്റെ അങ്ങേക്കരയിൽ ആയി...എന്ന ഗാനവും മന്ത്രി പാടി.
കമുകറ ഫൗണ്ടേഷൻ പ്രസിഡന്റ് രാജീവ് ഒ എൻ വി, സെക്രട്ടറി പി.വി. ശിവൻ, കമുകറ ശ്രീകുമാർ, ചന്ദ്രസേനൻ, ബേബി മാത്യു സോമതീരം തുടങ്ങിയവർ പങ്കെടുത്തു. ജി. ശ്രീറാം,രാജലക്ഷ്മി, പ്രീത കണ്ണൻ, സരിത രാജീവ് രവിശങ്കർ, അപർണ രാജീവ്, അഖില ആനന്ദ് തുടങ്ങിയവർ ഗാനാഞ്ജലിയിൽ പങ്കെടുത്തു.
Leader Page
പി. ഭാസ്കരൻ-ബാബുരാജ് ടീമും വി. ദക്ഷിണാമൂർത്തിയും മറ്റും ഒരുക്കിയ നിരവധി ഗാനങ്ങൾ കേട്ട് എസ്. ജാനകിയുടെ ആരാധകനായി മാറുകയും അവരെ ഒരുനോക്കു കാണാൻ ആഗ്രഹിക്കുകയും ചെയ്ത കാലമുണ്ടായിരുന്നു.
പക്ഷേ, കാലം എനിക്കു സമ്മാനിച്ചത് പ്രതീക്ഷിക്കാത്ത അനുഗ്രഹമാണ്. 26-ാം വയസിൽ ഒരു സിനിമയ്ക്കുവേണ്ടി ഞാൻ ഗാനങ്ങളെഴുതി. ഒന്നും രണ്ടുമല്ല 10 ഗാനങ്ങൾ. അവയിൽ മൂന്നു ഗാനങ്ങളിൽ ജാനകിയമ്മയുടെ ശബ്ദമുണ്ടായിരുന്നു.
ഞാൻ ആദ്യമായെഴുതിയ ചലച്ചിത്രഗാനത്തിന് ശബ്ദം നൽകിയത് യേശുദാസും എസ്. ജാനകിയുമായിരുന്നു. “താമരത്തോണിയിൽ താലോലമാടി’’ എന്നാരംഭിക്കുന്ന ഗാനം.
പിന്നീട് എത്രയോ ഗാനങ്ങൾ അവരുടെ കണ്ഠമാധുരിയൽ പുറത്തുവന്നു. അവയിൽ ചിലതുമാത്രം ചൂണ്ടിക്കാണിക്കട്ടെ. ‘ചിരിക്കുന്പോൾ കൂടെച്ചിരിക്കാൻ ആയിരം പേർ വരും/കരയുന്പോൾ കൂടെക്കരയാൻ നിൻനിഴൽ മാത്രം വരും...’ കടൽ എന്ന ചിത്രത്തിനുവേണ്ടി എഴുതിയ ആ ഗാനത്തിനു സംഗീതം നൽകിയത് എം.ബി. ശ്രീനിവാസനായിരുന്നു.
‘കണ്ണിൽ കണ്ണിൽ നോക്കിയിരുന്നാൽ കരളിൻ ദാഹം തീരുമോ’ (സംഗീതം-വി. ദക്ഷിണാമൂർത്തി). ‘മനസിലുണരൂ ഉഷഃസന്ധ്യയിൽ/ മായാമോഹിനീ സരസ്വതീ...’(ചിത്രം- മറുനാട്ടിൽ ഒരു മലയാളി. യേശുദാസ്, എസ്. ജാനകി. സംഗീതം- വി. ദക്ഷിണാമൂർത്തി) ‘ആ നിമിഷത്തിൻ നിർവൃതിയിൽ/ ഞാനൊരു ആവണിത്തെന്നലായ് മാറി..’ (ചന്ദ്രകാന്തം, സംഗീതം എം.എസ്. വിശ്വനാഥൻ). ഞാനെഴുതിയ 150ഓളം ഗാനങ്ങൾ ജാനകിയമ്മ പാടിയിട്ടുണ്ട്.
എസ്. ജാനകിയെ മറ്റു ഗായികമാരിൽനിന്നു വ്യത്യസ്തയാക്കുന്നത് ആലാപനത്തിൽ അവർ നൽകുന്ന ഭാവഭംഗിയാണ്. ഓരോ അക്ഷരത്തിലും അവരുടെ ആത്മാർഥതയുടെ തുടിപ്പുണ്ടാകും.
പി. ഭാസ്കരൻ-ബാബുരാജ് ടീമിനുവേണ്ടി അവർ പാടിയ അനശ്വരഗാനങ്ങൾ ഇന്നും മലയാളിയുടെ ഓർമയിൽനിന്നു മാഞ്ഞിട്ടില്ല. ആദ്യകാലത്ത് ദേവരാജൻ മാസ്റ്ററും മികച്ച ഗാനങ്ങൾ അവർക്കു നൽകിയിട്ടുണ്ട്. വി. ദക്ഷിണാമൂർത്തി, അർജുനൻ തുടങ്ങിയവരും ജാനകിയുടെ ആലാപന സൗന്ദര്യം പ്രയോജനപ്പെടുത്തി. തമിഴിൽ എം.എസ്. വിശ്വനാഥനും ഇളയരാജയും ജാനകിയമ്മയ്ക്കു പ്രാധാന്യം കൊടുത്ത സംഗീതസംവിധായകരാണ്.
തെലുങ്കുനാട്ടിൽ ജനിച്ചെങ്കിലും നാല് തെന്നിന്ത്യൻ സംസ്ഥാനങ്ങളിലും എസ്. ജാനകി ഒരുപോലെ അംഗീകരിക്കപ്പെട്ടു. എങ്കിലും അവർക്ക് ഏറ്റവുമധികം പ്രാധാന്യം നൽകിയ ഭാഷ കന്നഡയാണ്. ജനിച്ച ആന്ധ്രയിലോ വളർന്ന മദ്രാസിലോ അല്ലാതെ, അവരുടെ അന്ത്യനിദ്ര കർണാടകത്തിലായത് കാലത്തിന്റെ തീരുമാനമായിരിക്കാം.
National
മൈസൂരു: പതിറ്റാണ്ടുകളോളം തെന്നിന്ത്യൻ സിനിമാ സംഗീതത്തെ തന്റെ സ്വരമാധുരി കൊണ്ട് ധന്യമാക്കിയ എസ്. ജാനകിക്ക് കണ്ണീരോടെ യാത്രാമൊഴിയേകി രാജ്യം. മൈസൂരു അപ്പോളോ ആശുപത്രിയിൽ ചികിത്സയിലിരിക്കെ ഇന്നലെ വൈകിട്ടായിരുന്നു അന്ത്യം. ശ്വാസകോശ സംബന്ധമായ അസുഖത്തെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ആരോഗ്യനില വഷളാവുകയായിരുന്നു.
മൈസൂരു മഹാരാജ ഗ്രൗണ്ടിലെ പൊതുദർശനത്തിന് ശേഷം, കനിയനഹുണ്ടി ഫാം ഹൗസിലാണ് സംസ്കാര ചടങ്ങുകൾ നടന്നത്. സംസ്ഥാന സർക്കാരിന്റെ പൂർണ ഔദ്യോഗിക ബഹുമതികളോടെയായിരുന്നു സംസ്കാരം. പേരക്കുട്ടി അപ്സര അന്ത്യകർമങ്ങൾ നിർവഹിച്ചു. തെലുങ്ക് ബ്രാഹ്മണ ആചാരപ്രകാരമായിരുന്നു സംസ്കാരം. രാഷ്ട്രീയ-സാംസ്കാരിക-ചലച്ചിത്ര മേഖലകളിലെ പ്രമുഖരും ആയിരക്കണക്കിന് ആരാധകരും പ്രിയഗായികയ്ക്ക് അന്ത്യാഞ്ജലി അർപ്പിക്കാൻ എത്തിയിരുന്നു.
Kerala
മൈസൂര്: സ്വരശുദ്ധിയും ആലാപനസിദ്ധിയും ഇഴചേര്ന്ന എണ്ണമറ്റ ഗാനങ്ങളിലൂടെ ആസ്വാദകലക്ഷങ്ങളെ വിസ്മയിപ്പിച്ച തെന്നിന്ത്യന് വാനമ്പാടി എസ്. ജാനകിക്ക് (88) വിട. മൈസൂരുവില് ഇന്നലെ വൈകുന്നേരമാണ് അന്ത്യം. ശ്വാസതടസം മൂലം ഇന്നലെ രാവിലെയാണു ജാനകിയമ്മയെ മൈസൂരു അപ്പോള ആശുപത്രിയില് പ്രവേശിപ്പിച്ചത്. വൈകുന്നേരത്തോടെയായിരുന്നു വിയോഗമെന്ന് കുടുംബവൃത്തങ്ങൾ അറിയിച്ചു.
സംസ്കാരം ഇന്നു വൈകുന്നേരം മൈസൂരുവിലെ എച്ച്ഡി കോട്ട താലൂക്കിൽപ്പെട്ട കാനിയാനഹുണ്ടിയിലെ ഫാംഹൗസിൽ സംസ്ഥാന സർക്കാരിന്റെ ഔദ്യോഗിക ബഹുമതികളോടെ നടക്കും. ഭൗതികദേഹം രാവിലെ 7.30 മുതൽ മൈസൂരു മഹാരാജ കോളജ് ഗ്രൗണ്ടിൽ പൊതുദർശനത്തിനു വയ്ക്കും.
►►സംഗീതസപര്യയിൽ ആറു പതിറ്റാണ്ട്
ആറ് പതിറ്റാണ്ട് നീണ്ട സംഗീതസപര്യയിൽ മലയാളം, കന്നഡ, തമിഴ്, തെലുങ്ക് ഉൾപ്പെടെ ഇരുപത് ഭാഷകളിലായി 48,000 ഗാനങ്ങൾക്കു ശബ്ദം നൽകി. ഹിന്ദി, ഒഡിയ, തുളു, ഉറുദു, പഞ്ചാബി, ബംഗാളി തുടങ്ങിയ ഭാഷകളിലും ഈ പ്രതിഭയുടെ ഗാനവിസ്മയം മുഴങ്ങി.
1938 ഏപ്രില് 23ന് ആന്ധ്രപ്രദേശിലെ ഗുണ്ടൂരിൽ പള്ളപട്ല ഗ്രാമത്തിലാണു ജനനം. ആയുർവേദ ചികിത്സകനായ രാമമൂര്ത്തിയായിരുന്നു അച്ഛൻ. ചെറുപ്പത്തിലേ മാതാപിതാക്കളെ നഷ്ടമായ എസ്. ജാനകി അമ്മാവന്റെ സംരക്ഷണയിലാണു വളർന്നത്.
സ്കൂൾ പഠനകാലത്തേ വേദികളിൽ എസ്. ജാനകിയുടെ ശബ്ദം മുഴങ്ങി. 1956ല് ആകാശവാണി നടത്തിയ അഖിലേന്ത്യാ സംഗീതമത്സരത്തില് രണ്ടാംസ്ഥാനം നേടിയതോടെ ഗായിക എന്ന നിലയിൽ ശ്രദ്ധിക്കപ്പെട്ടു.
1957ൽ പുറത്തിറങ്ങിയ "വിധിയിന് വിളയാട്ട്’ എന്ന തമിഴ് ചിത്രത്തിലാണ് ആദ്യം പാടിയത്. ആ വർഷം മലയാളത്തിൽ പുറത്തിറങ്ങിയ "മിന്നുന്നതെല്ലാം പൊന്നല്ല' എന്ന ചിത്രം ഉൾപ്പെടെ ആറ് ഭാഷകളിലും അരങ്ങേറി. മലയാളത്തിൽ അർഥവും ഈണവും ഒട്ടും ചോർന്നുപോകാതെ ഒട്ടേറെ ഗാനങ്ങൾ പുറത്തുവന്നതോടെ മലയാളത്തിന്റെ ദത്തുപുത്രി എന്നപേരും സ്വന്തമാക്കി. അടുത്തറിയുന്നവർ ജാനകിയമ്മ എന്ന ഓമനപ്പേരും സമ്മാനിച്ചു.
എം.ടി. വാസുദേവൻ നായരുടെ ഓപ്പോള് എന്ന സിനിമയിലെ "ഏറ്റുമാനൂരമ്പലത്തില്’ എന്ന ഗാനത്തിലൂടെ ആദ്യ ദേശീയപുരസ്കാരം നേടി.
രണ്ടു തവണ തമിഴ് സിനിമയിലൂടെയും ഒരു തവണ തെലുങ്ക് സിനിമയിലൂടെയും ദേശീയ പുരസ്കാരം സ്വന്തമാക്കി. മികച്ച ഗായികയ്ക്കുള്ള കേരള സംസ്ഥാന അവാര്ഡ് 11 തവണയും ആന്ധ്ര സര്ക്കാരിന്റെ അവാര്ഡ് 10 തവണയും തമിഴ്നാട് സംസ്ഥാന അവാര്ഡ് ഏഴു തവണയും നേടി. ഒഡിയ ഗാനത്തിനും ഒരുവർഷം സംസ്ഥാന പുരസ്കാരം ലഭിച്ചു.
മൈസൂര് സര്വകലാശാലയുടെ ഓണററി ഡോക്ടറേറ്റും തമിഴ്നാട് സര്ക്കാരിന്റെ കലൈമാമണി പുരസ്കാരവും ലഭിച്ചിട്ടുണ്ട്.
►►പത്മഭൂഷണ് നിരസിച്ചു
2013ല് പത്മഭൂഷണ് പുരസ്കാരം നിരസിച്ചും ജാനകി വ്യത്യസ്തയായി. ദക്ഷിണേന്ത്യന് കലാകാരന്മാര്ക്ക് അര്ഹമായ അംഗീകാരം ലഭിക്കുന്നില്ലെന്നു ചൂണ്ടിക്കാട്ടിയായിരുന്നു തീരുമാനം.
അന്തരിച്ച ഗായകന് എസ്.പി. ബാലസുബ്രഹ്മണ്യം, സംഗീത സംവിധായകന് ഇളയരാജ, യേശുദാസ് എന്നിവരുമായുള്ള എസ്. ജാനകിയൂടെ കൂട്ടുകെട്ട് ഏറെ പ്രശസ്തമാണ്. 1960കളിലും 1970കളിലും 1980കളിലും പി.ബി. ശ്രീനിവാസ്, എസ്.പി. ബാലസുബ്രഹ്മണ്യം, ഡോ. രാജ്കുമാര് എന്നിവര്ക്കൊപ്പം എസ്. ജാനകി ആലപിച്ച ഗാനങ്ങൾ തമിഴ്, കന്നഡ ഭാഷകളിലെ സർവകാല ഹിറ്റായി ഇന്നും മുഴങ്ങുന്നു.
2017 ഒക്ടോബറില് മൈസൂരിലെ മാനസ ഗംഗോത്രി ഓപ്പണ് എയര് ഓഡിറ്റോറിയത്തിൽ പാടി സംഗീതരംഗത്തുനിന്നു പിൻവാങ്ങി. പരേതനായ വി. രാമപ്രസാദാണ് ഭര്ത്താവ്. കഴിഞ്ഞ ജനുവരിയിലായിരുന്നു ഏക മകന് മുരളീകൃഷ്ണന്റെ അപ്രതീക്ഷിത വിയോഗം. മരുമകള്: ഉമ. പേരക്കുട്ടികള്: അമൃതവര്ഷിണി, അപ്സര.
Leader Page
ആത്മാവിലേക്കിറങ്ങിച്ചെല്ലുന്ന സ്വരധാരയിലൂടെ ശ്രോതാക്കളടെ ഹൃദയത്തിൽ ചേക്കേറിയ ഗായികയായിരുന്നു എസ്. ജാനകി. ഗാനകോകിലം എന്ന ക്ലീഷേ വിളികൾക്കപ്പുറം ജാനകിയെ വിശേഷിപ്പിക്കാൻ വാക്കുകളേറെയായിരുന്നു.
പക്ഷേ അതിനൊക്കെയും മേലെയായിരുന്നു ദക്ഷിണേന്ത്യൻ സിനിമാസംഗീതത്തിൽ ജാനകി എന്ന മൂന്നക്ഷരം. ശരീരഭാഷയിൽ യാതൊരു ഭാവഭേദവുമില്ലാതെ ഒതുങ്ങിയും പതുങ്ങിയും സ്റ്റേജിൽ നിൽക്കുന്ന ഇമേജാണ് നമുക്ക് ജാനകിയമ്മയെക്കുറിച്ചുള്ളത്. ആ കണ്ഠത്തിൽനിന്ന് ഒഴുകുന്ന രാഗധാരയിലെ ഭാവങ്ങൾ, അത് ആരെയും അതിശയിപ്പിക്കും. വരികളുടെ അർഥമറിഞ്ഞ് അതിന് ജാനകി നൽകുന്ന ഭാവഭേദങ്ങൾ നമ്മെ വിസ്മയിപ്പിക്കുന്നതായിരുന്നു.
എഴുപതുകളുടെ ആദ്യം മുതൽ എൺപതുകളുടെ അവസാനം വരെയായിരുന്നു ജാനകിയുടെ സുവർണകാലം. ദക്ഷിണേന്ത്യൻ സിനിമാസംഗീതം ജാനകിക്കു ചുറ്റുമായിരുന്നു ഇക്കാലയളവിൽ എന്നു പറയുന്നതാകും ശരി. മലയാളത്തിൽ ബാബുരാജ് ആണ് എസ്. ജാനകിക്ക് ഏറെ അവസരങ്ങൾ നല്കിയത്.
ബാബുരാജിന്റെ ക്ലാസിക് ഗാനങ്ങൾക്ക് എസ്. ജാനകി നല്കിയ സ്വരമാധുരി ഇന്നും ഗാനപ്രേമികളുടെ ചുണ്ടിലുണ്ട്. മൂടുപടം എന്ന ചിത്രത്തിലെ തളിരിട്ട കിനാക്കൾ തൻ താമര മാല വാങ്ങാൻ എന്ന ഗാനം കേൾക്കാത്ത മലയാളികളുണ്ടാവില്ല. പ്രണയവും വിരഹവും പ്രതീക്ഷകളുമെല്ലാം ഹൃദയത്തിലേറ്റുവാങ്ങുകയായിരുന്നു ജാനകിയുടെ ശബ്ദത്തിലൂടെ ശ്രോതാക്കൾ.
സൂര്യകാന്തിയിലെ സൂര്യകാന്തി സൂര്യകാന്തി എന്ന ഗാനം ബാബുരാജ്-എസ്.ജാനകി ടീമിന്റെ മറ്റൊരു മാന്ത്രിക സ്പർശമായി മാറി. താമരക്കുന്പിളല്ലോ മമ ഹൃദയം, താനേ തിരിഞ്ഞും മറിഞ്ഞും തുടങ്ങിയ ഗാനങ്ങളും ഈ കൂട്ടുകെട്ടിൽ പിറന്നു. ദക്ഷിണാമൂർത്തി, രാഘവൻമാസ്റ്റർ , എം.എസ് വിശ്വനാഥൻ, എം.ബി ശ്രീനിവാസൻ, സലിൽ ചൗധരി തുടങ്ങി എഴുപതുകളിലെ പ്രമുഖ സംഗീത സംവിധായകരുടെ ഹിറ്റുഗാനങ്ങളും ജാനകിയുടേതായി എത്തി.
എൺപതുകളിൽ ഒന്നിനുപിറകെ ഒന്നായി ഒട്ടേറെ ഹൃദയസ്പർശിയായ ഗാനങ്ങളാണ് ജാനകിയുടേതായി എത്തിയത്. ഇളയരാജ ദക്ഷിണേന്ത്യൻ സംഗീതത്തിൽ തരംഗം സൃഷ്ടിച്ചപ്പോൾ ജാനകിയും അതിനൊപ്പമുണ്ടായിരുന്നു. തമിഴിലും മലയാളത്തിലുമായി ഇളയരാജ- ജാനകി ടീമിന്റെ എത്രയെത്ര ഗാനങ്ങളാണ് ശ്രോതാക്കളുടെ ഹൃദയത്തിൽ കുടിയേറിയത്.
ജോൺസൺ, ശ്യാം എന്നിവരുടെ ഒട്ടെല്ലാ പ്രശസ്ത ഗാനങ്ങളും ആലപിച്ചത് ജാനകിയായിരുന്നു. പറഞ്ഞാലും പാടിയാലും തീരാത്ത എത്രയെത്ര ഗാനങ്ങൾ. ഗൃഹാതുരത്വത്തിന്റെ അതിലോല തലങ്ങളിലേക്ക് നമ്മെ കൊണ്ടുപോകുന്ന പാട്ടുകൾ, പ്രണയവും മാതൃത്വവും വിരഹവും സന്തോഷവും എത്ര സമർഥമായാണ് ആ സ്വരത്തിൽ ഒളിപ്പിച്ചുവച്ചത്.
ഓളങ്ങൾ എന്ന ചിത്രത്തിലെ തുന്പീവാ തുന്പക്കുടത്തിൽ എന്ന ഗാനം ഒരു കുടുംബത്തിന്റെ സന്തോഷം ശ്രോതാക്കൾക്കു പകർന്നു നല്കുന്പോൾ ഇതു ഞങ്ങളുടെ കഥയിലെ സ്വർണമുകിലേ സ്വർണമുകിലേ സ്വപ്നം കാണാറുണ്ടോ എന്ന ഗാനം വിരഹത്തിന്റെ ഭാവതലങ്ങളിലേക്ക് ശ്രോതാക്കളെ കൊണ്ടുപോകുന്നു. മഞ്ഞിൽ വിരിഞ്ഞ പൂക്കളിലെ മിഴിയോരംനനഞ്ഞൊഴുകും മുകിൽ മാലകളോ... എന്ന ഗാനത്തിന്റെ ഭാവവും ആ ചിത്രത്തിലെതന്നെ മഞ്ഞണിക്കൊന്പിൽ... എന്ന ഫോക് ടച്ചോടെയുള്ള പാട്ടിന്റെ ശൈലിയും എത്ര സമർഥമായാണ് ജാനകിയുടെ കണ്ഠനാളം ഏറ്റവാങ്ങിയത്.
തൃഷ്ണയിലെ മൈനാകം കടലിൽ നിന്നുയരും, ചില്ലിലെ ഒരു വട്ടം കൂടിയെൻ ഓർമകൾ , ശേഷം കാഴ്ചയിലെ മോഹം കൊണ്ടു ഞാൻ, കാണാമറയത്തിലെ കസ്തൂരി മാൻകുരുന്നേ, അവളുടെ രാവുകളിലെ രാകേന്ദുകിരിണങ്ങൾ ഒളിവീശിയില്ല, ചന്ദ്രകാന്തത്തിലെ ആ നിമിഷത്തിന്റെ നിർവൃതിയിൽ, തകരയിലെ മൗനമേ നിറയും മൗനമേ, തേനും വയന്പും എന്ന ചിത്രത്തിലെ തേനും വയന്പും, തൃഷ്ണയിലെ ശ്രുതിയിൽനിന്നുയരും , കാറ്റത്തെ കിളിക്കൂടിലെ ഗോപികേ നിൻ വിരൽ തുടങ്ങി എത്രയെത്ര ഗാനങ്ങൾ.... അവയൊന്നും എഴുത്തിലും വാക്കിലും പ്രതിഫലിപ്പിക്കാനാവില്ല. അത്രമേൽ ഹൃദയസ്പർശിയായിരുന്നു ആ പാട്ടുകളും അവയുടെ ഭാവങ്ങളും .
ഉച്ചാരണശുദ്ധിയിൽ ഒരു വിട്ടുവീഴ്ചയും ചെയ്യാൻ ജാനകിയമ്മ തയാറായിരുന്നില്ല. അക്കാലത്തെ അന്യഭാഷാ ഗായികമാരിൽ മിക്കവരും മലയാളം ഉച്ചാരണത്തിൽ പിന്നിലായപ്പോൾ ആന്ധ്രക്കാരിയായ ജാനകിയുടെ മലയാളം ശുദ്ധമായിരുന്നു. അതേക്കുറിച്ച് ഒരിക്കൽ പി. ഭാസ്കരൻ പറഞ്ഞിട്ടുണ്ട്. പാട്ടിന്റെ അർഥം മാത്രം അറിഞ്ഞാൽ അവർക്ക് മതിയാകില്ല.
അരികിൽ വന്നിരുന്ന് ഓരോ പദവും എങ്ങനെ ഉച്ചരിക്കുന്നുവെന്ന് നോക്കും. അങ്ങനെ ഭാഷയെ അറിഞ്ഞ്, ഭാവമറിഞ്ഞാണ് അവർ ഓരോ ഗാനവും പാടിയത് .
താരാട്ടുപാട്ട് പാടാൻ ജാനകിക്ക് പ്രത്യേക വൈഭവം തന്നെയുണ്ടായിരുന്നു. മലർകൊടിപോല, ഉണ്ണി ആരാരിരോ തുടങ്ങിയ ഗാനങ്ങൾ അവയിൽ ചിലത് മാത്രം. 2005ൽ എത്തിയ ചാന്തുപൊട്ടിലെ ആഴക്കടലിന്റെ ... എന്ന ഗാനവും മാതൃത്വത്തിന്റെ സ്വരഭംഗിയായി. ഭക്തിഗാനങ്ങളുടെ കാര്യവും വ്യത്യസ്തമല്ല.
ലോകം മുഴുവൻ സുഖം പകരാൻ സ്നേഹ ദീപമേ മിഴിതുറക്കൂ എന്ന ഗാനം ശ്രോതാക്കൾക്കു നല്കുന്നത് ഭക്തിയുടെയും ആർദ്രതയുടെയും സ്പർശമാണ്. കൊച്ചുകുട്ടികളുടെ സ്വരത്തിൽ പാടാനുള്ള ജാനകിയുടെ വൈഭവം ആരെയും വിസ്മയിപ്പിക്കും. കൊക്കാ വണ്ടി കോനാനിറച്ചി എന്ന കുട്ടിയുടെ സ്വരത്തിലുള്ള ഗാനം ഏറെ ഹിറ്റായിരുന്നു. മലയാളത്തിൽ കത്തിനിന്ന അതേസമയം തന്നെ തമിഴിലും തെലുങ്കിലും കന്നടത്തിലുമെല്ലാം ജാനകി അജയ്യയായി നിലകൊണ്ടു. എസ്.പി. ബിക്കൊപ്പം ആലപിച്ച മലരേ മൗനമോ എന്ന ഗാനമുണ്ടാക്കിയ തരംഗം ഇനിയും അവസാനിച്ചിട്ടില്ല.
പിന്നണിഗാനരംഗത്ത് ജാനകിയക്ക് സർവപിന്തുണയും നൽകിയത് ഭർത്താവ് രാമപ്രസാദായിരുന്നു. ഭർത്താവിന്റെ മരണത്തോടെ അവർ ആത്മീയതിലേക്ക് ചുവടുവച്ചു.
പഴയതുപോലെ സിനിമാരംഗത്ത് സജീവമായില്ല. എങ്കിലും ഇടയ്ക്കിടെ അവർ സാന്നിധ്യമറിയിച്ചു. മകന്റെ അടുത്തിടെയുണ്ടായ പെട്ടെന്നുള്ള മരണം അവരെ കൂടുതൽ തളർത്തി. എങ്കിലും ആ മുഖത്തെ ചിരി മാഞ്ഞിരുന്നില്ല. ഒടുവിൽ ആ ഗാനചന്ദ്രിക സ്വർണമുകിലിൽ അലിയുകയാണ്. പക്ഷേ ഗാനപ്രേമികളുടെ കാതുകളിൽ ആ മഹാപ്രതിഭയുടെ സ്വരം എക്കാലവും മുഴങ്ങിക്കൊണ്ടിരിക്കും...
Leader Page
കൊച്ചുകൃഷ്ണൻ വിളിക്കുന്നു എന്നാണർഥം. കൃഷ്ണഭക്തയായിരുന്നു ജാനകിയമ്മ. ജാനകിയമ്മ വേദിയിൽ പാടുന്പോൾ കണ്ടിട്ടുണ്ടാകും കൈപ്പത്തിയിലൊതുങ്ങാൻമാത്രം വലുപ്പമുള്ള ചെറിയ പുസ്തകത്തിന്റെ കവറിൽ കൊച്ചുകൃഷ്ണന്റെ ചിത്രങ്ങൾ. മകന്റെ പേര് മുരളീകൃഷ്ണ. വിടപറഞ്ഞിട്ടു മാസങ്ങളെ ആയിട്ടുള്ളൂ. മകനു പിന്നാലെ ഇപ്പോൾ അമ്മയും.
"വെർസറ്റാലിറ്റി’ എന്നൊരു വാക്കുണ്ടല്ലോ ഇംഗ്ലീഷിൽ. "ബഹുമുഖമായ’ എന്നാണ് കൃത്യമായ അർഥം. കേവലം ഒന്നുമാത്രമല്ല പലതും ചെയ്യാൻ സാധിക്കുന്ന, പരിമിതവിഭവനല്ല അപരിമിത കഴിവുകളോടുകൂടിയ വ്യക്തി എന്നൊക്കെയാണ് അർഥം. അദ്ഭുതജന്മം എന്നൊക്കെ വിശേഷിപ്പിക്കുമെങ്കിലും കലയിൽ അത്തരക്കാർക്കു രണ്ടാംസ്ഥാനമേ ലഭിക്കൂ എന്നുള്ളതാണ് സത്യം. ഉദാഹരണങ്ങൾ നിരവധി. ജാനകിയമ്മയെ തന്നെയെടുക്കാം.
പദ്മിനി, രാഗിണി മുതൽ ഷീല, ശാരദ, സീമ, ശോഭനയും വരെയുള്ള നായികമാർക്ക് ജാനകിയമ്മ പാടിയിട്ടുണ്ട്. ബേബി ശാലിനിയുടെ ശബ്ദത്തിലും പാടിയിട്ടുണ്ട്. 1962ൽ പുറത്തിറങ്ങിയ "കൊഞ്ചും സിലങ്കൈ’ എന്ന ചിത്രത്തിലെ ഗാനം "ശിങ്കാരവേലനെ ദേവ’ എന്ന ഗാനം അവർ ആലപിച്ചത് നാഗസ്വരത്തോടൊപ്പമാണ്. അതായത് നാഗസ്വരത്തിന്റെ ശ്രുതിയിൽ. ഇനി പുരുഷശബ്ദത്തിൽ പാടണോ, ജാനകിയമ്മപാടും. മറ്റൊരു ഇതിഹാസ ഗായിക പി. സുശീലാമ്മയ്ക്കൊപ്പം പുരുഷശബ്ദത്തിൽ ഡ്യുയറ്റ് പാടുന്നത് കാണാം. അംങ്ങനെയൊക്കെയുള്ള ജാനകിയമ്മ പലപ്പോഴും ചവിട്ടുപടിയായി മാറി. അതാണ് പറഞ്ഞത്, ’വെർസറ്റാലിറ്റി’ എന്നതു വെറും വിശേഷണമാകുന്നു.
പി. സുശീല, എസ്. ജാനകി. മലയാളത്തിലും തമിഴിലും സ്ത്രീശബ്ദത്തിന്റെ രണ്ടു പര്യായങ്ങൾ. സ്വരനിയന്ത്രണവും ഭാവസന്പന്നതയും കൊണ്ട് പി. സുശീല പ്രഥമഗണനീയയായി. സുശീലാമ്മയെക്കാൾ "വെർസറ്റാലിറ്റി’ ഉണ്ടായിട്ടും എസ്. ജാനകി രണ്ടാമതായി. അതാണ് സത്യം. ഏതൊരു ശ്രോതാവിനെ സംബന്ധിച്ചും ആദ്യം ഇഷ്ടപ്പെടുക ജാനകിയമ്മയുടെ ആലാപനമാകും.
ഒരുഘട്ടം കഴിയുന്പോൾ പലരും സുശീലാമ്മയിലേക്കു ചുവടുമാറും. തമിഴിലായാലും മലയാളത്തിലായാലും അതുതന്നെ പതിവ്. മലയാളത്തിൽ പ്രത്യേകിച്ചും. എത്രയാലോചിച്ചാലും പിടികിട്ടാത്ത ഒരു രഹസ്യം. ഉത്തരമുണ്ട്, കലയുടെ തത്വമാണത്. ബഹുമുഖ പ്രതിഭകളുടെ കഴിവ് ജന്മസിദ്ധമാണ്. അവർ ഒരു പുഴപോലെ ഒഴുകിക്കൊണ്ടിരിക്കും. നിയമങ്ങൾ അവരെ അലോസരപ്പെടു ത്തും. എന്നാലോ നിയമം പാലിച്ചു, ചിട്ടകൾ സൃഷ്ടിച്ചു, ക്രമപ്പെടുത്തിയ ഒരു അണക്കെട്ട് കൂടുതൽ മൂല്യവത്താകും. അവരെ കൂടുതൽ പരിപാലിക്കും, ഭയക്കും. മുഹമ്മദ് റാഫി, യേശുദാസ്, പി. സുശീല എന്നിവരൊക്കെ ആ ഗണത്തിൽപെടും. ജാനകി, കിഷോർകുമാർ, ജയചന്ദ്രൻ, ബാലസുബ്രഹ്മണ്യം എന്നിവരൊക്കെ പുഴയാകും വേലിയേറ്റവും ഇറക്കവുമുള്ള സമുദ്രമാകും, പ്രവാചകന്മാരെപ്പോലും വെല്ലുവിളിക്കുന്ന പ്രവചനാതീതരാകും.
ഡാൻസ് അവിടെ നിൽക്കട്ടെ, അലറിപ്പൊളിക്കുന്ന ഇന്നത്തെ പാട്ടുശൈലിയുടെ പ്രചാരകരോട്, എസ്. ജാനകി ഒന്ന് മര്യാദയ്ക്ക് വായതുറന്നു പാടുന്നത് കണ്ടിട്ടുണ്ടോ വലിയ പൊട്ടുകൾ, കൈയിറക്കം കുറഞ്ഞ ബ്ലൗസ്, ഇടുപ്പിൽകുത്തിയ സാരിയുടെ തല, കൈയിൽ ചെറിയൊരു പുസ്തകം.
ഈ രൂപത്തിൽനിന്നാണ് ഈ ശബ്ദം വരുന്നതെന്ന് വിശ്വസിക്കാൻതന്നെ സമയമെടുക്കും. മലയാളംതന്നെ അധികം വശമില്ലാത്ത ഈ ഗായികയിൽനിന്നാണ് തളിരിട്ട കിനാക്കളും, താനേ തിരിഞ്ഞും മറിഞ്ഞും, സ്വർണമുകിലേ, ഓലത്തുന്പത്തിരുന്നൂയലാടും, ഇപ്പോൾ വീണ്ടും ഹിറ്റായ കിളിയേ കിളിയേ എന്ന ഗാനമൊക്കെ രൂപം പ്രാപിച്ചതെന്നു ആലോചിക്കുന്പോൾ ആ ഗായികയെ വിശേഷിപ്പിക്കാൻ എന്തു വർണന മതിയാകും ! ഇസൈജ്ഞാനി ഇളയരാജ ആദ്യമായി സംഗീതംപകർന്ന "അന്നക്കിളി’ എന്ന ചിത്രത്തിലെ "അന്നക്കിളി ഉന്നൈ തേടുതെ’ എന്ന ഗാനം ആലപിച്ചു രാജയ്ക്കു തമിഴ്നാട്ടിൽ ഒരു സ്ഥാനമുണ്ടാക്കിയത് ജാനകിയമ്മയാണ്.
വിദ്യാസാഗർ എന്ന സംഗീത സംവിധായകൻ തമിഴിൽ ഇപ്പോളും അറിയപ്പെടുന്നത് "മലരേ മൗനമാ'എന്ന ഗാനത്തിലൂടെയാണ്. ആ ഗാനം പാടാൻ വിസമ്മതിച്ച എസ്.പി. ബാലസുബ്രഹ്മണ്യം അപ്പോൾത്തന്നെ റെക്കോർഡിംഗിനു തയാറായത് ജാനകിയമ്മ ആലപിച്ച ഭാഗം കേട്ടതോടെയാണ്.
മലയാളത്തിലോ ദക്ഷിണാമൂർത്തി, ബാബുരാജ്, ജോണ്സണ് എന്നിവരാണ് ജാനകിയമ്മയുടെ ശബ്ദത്തെ ഏറ്റവും നന്നായി ഉപയോഗപ്പെടുത്തിയത്. അന്നത്തെ ഒന്നാം സ്ഥാനക്കാരൻ ദേവരാജൻ വേണ്ട പരിഗണന നൽകിയില്ല എന്നതും സത്യം.
എന്തായാലും തന്റെ സിദ്ധികൾ മാറ്റരേക്കാളും ജാനകിയമ്മയ്ക്കു അറിയാമായിരുന്നു എന്നതാണ് സത്യം. അതുകൊണ്ടാണല്ലോ 2013ൽ പദ്മഭൂഷണ് നൽകാമെന്നു പ്രഖ്യാപിച്ചപ്പോൾ, കേവലം പദ്മഭൂഷണല്ല, ഭാരതരത്നമാണ് തനിക്കു തരേണ്ടതെന്നു പറഞ്ഞ് എസ്. ജാനകി നിഷേധിച്ചത്.
Leader Page
മധുമാസസുന്ദരചന്ദ്രലേഖയായും കത്തുന്ന അനുരാഗമായും മലര്ക്കൊടിയായും മാനത്ത ശിങ്കാരത്തോപ്പായും കുങ്കുമത്തരികളായി മറയുന്ന വിഷാദമായും നിറഞ്ഞുതുളുമ്പുന്ന മൗനമായും... ജാനകിയമ്മയുടെ ഭാവസാന്ദ്രമായ ശബ്ദമില്ലാതെ മലയാളിയുടെ ഒരു ദിനവും പൂര്ണമാകില്ല.
കുഞ്ഞുങ്ങളുടെ നിഷ്കളങ്കത മുതല് പ്രണയിനിയുടെ ആകുലതകളും വിരഹിണിയുടെ കണ്ണീരും വരെ ആ ശബ്ദത്തില് ഒരേസമയം സുരക്ഷിതമായിരുന്നു. സ്വരജാനകീപ്രപഞ്ചത്തില് മന്നവന്റെയും യാചകന്റെയും മനം ഒരുപോലെ നിറഞ്ഞു. ആ ഗാനകോകിലം നമുക്കായി അവശേഷിപ്പിച്ചത്, ആത്മാവിന്റെ ഏറ്റവും മനോഹരമായ അംശമാണ്.
ഇന്ത്യന് ചലച്ചിത്രസംഗീതം ഏതെങ്കിലുമൊരു ശബ്ദം കേന്ദ്രീകരിച്ച് അടയാളപ്പെടുത്താന് ശ്രമിക്കുകയാണെങ്കില്, ദക്ഷിണേന്ത്യയുടെ സ്വരഭൂപടത്തില് ഒരു പേരുകാരി മാത്രമാണുണ്ടാകുക, അത് എസ്. ജാനകി മാത്രമാണ്! ആന്ധ്രയിലെ ഗുണ്ടൂരില് ജനിച്ച ഒരു പെണ്കുട്ടി തന്റെ അസാധാരണമായ സ്വരവൈവിധ്യംകൊണ്ട് മലയാളം, തമിഴ്, തെലുങ്ക്, കന്നഡ, ഹിന്ദി തുടങ്ങി ഇരുപതിലധികം ഭാഷകളുടെ ഹൃദയതാളമായി മാറിയ ചരിത്രം സമാനതകളില്ലാത്ത ആലാപനയാത്രയാണ്. ഭാവതീവ്രത കൊണ്ടും അനായാസമായ ഭാവപ്പകര്ച്ചകള്കൊണ്ടും സംഗീതപ്രപഞ്ചത്തില് ജാനകിയമ്മ തീര്ത്ത ഗഗനമാന്ത്രികതയ്ക്ക് അതിരുകള് വരയ്ക്കാന് ആര്ക്കും കഴിഞ്ഞില്ല, ഇനി ആര്ക്കും കഴിയുമെന്നും തോന്നുന്നില്ല!
സംഗീതസംവിധായകര് പോലും ബഹുമാനിച്ചിരുന്ന ജാനകിയമ്മയെ, സമകാലികരില്നിന്നു വ്യത്യസ്തമാക്കുന്ന നിരവധി ഘടകങ്ങളുണ്ട്. ഒരു ഭാഷയില്നിന്നു മറ്റൊരു ഭാഷയിലേക്കു മാറുമ്പോള് കേവലം ഉച്ചാരണശുദ്ധി മാത്രമല്ല, ആ ഭാഷയുടെ ആത്മാവുകൂടി തന്റെ ശബ്ദത്തിലേക്ക് ആവാഹിക്കാന് ജാനകിയമ്മയ്ക്ക് കഴിഞ്ഞു എന്നതാണ്.
അന്യഭാഷ ഗായികമാര് മലയാളത്തില് ഹിറ്റുകള് തീര്ത്തെങ്കിലും വരികള്ക്കിടയില് കല്ലുകടിയും മലയാളിക്ക് അനുഭവിക്കേണ്ടിവന്നു. നാഥാ നീ വരും, തേനും വയമ്പും, താമരക്കുമ്പിളലല്ലോ മമഹൃദയം, മലര്ക്കൊടിപോലെ, സന്ധ്യേ കണ്ണീരിതെന്തേ തുടങ്ങിയ ഗാനങ്ങള് പാടിയത് തെലുങ്കുദേശം വളര്ത്തിയ പെണ്കുട്ടിയാണെന്ന് ഒരുകാലത്ത് ആരും വിശ്വസിക്കുകപോലുമുണ്ടായില്ല.
ബാബുരാജ്, ദേവരാജന്, എം.കെ. അര്ജുനന്, സലീൽ ചൗധരി, ഇളയരാജ തുടങ്ങിയ സംഗീത സംവിധായകരുടെ പ്രഥമ പരിഗണനയ്ക്ക് എന്നും അര്ഹമായത് ജാനകിയമ്മ ആയിരുന്നു. ജാനകിയമ്മയ്ക്ക് അസൗകര്യമുണ്ടെങ്കില് മാത്രം മറ്റൊരു ഗായികയെ പരിഗണിച്ചിരുന്ന കാലംപോലുമുണ്ടായിരുന്നു. താന് ചിട്ടപ്പെടുത്തിയ "മാതളപ്പൂപോലൊരു മാനസം ഞാന് കണ്ടു...’ എന്ന ഗാനത്തിന്റെ പ്രാഥമിക ഈണത്തിന് ഒഎന്വിയുടെ വരികളെത്തിയപ്പോള്, ഇന്നു നാം കേള്ക്കുന്ന രീതിയില് ആ ഗാനം പാടിയത് ജാനകിയമ്മയായിരുന്നു. പാടി മുഴുമിപ്പിച്ചപ്പോള് സലീല് ചൗധരിപോലും അവരെ അഭിനന്ദിച്ചത് മദിരാശിപ്പട്ടണത്തിന് ഇന്നും നിത്യവിസ്മയമായ ഓര്മ!
തെലുങ്ക് മാതൃഭാഷയായ ജാനകി കന്നഡയില് പാടുമ്പോള് അവിടത്തുകാര്ക്ക് അവള് തങ്ങളുടെ സ്വന്തം മകളായിരുന്നു. "യുഗ യുഗാദി കളെദരൂ’ പോലുള്ള ഗാനങ്ങള് കന്നഡ സംഗീതത്തിന്റെ ഐക്കണുകളായി മാറി. ഇളയരാജയുടെ സംഗീത സാമ്രാജ്യത്തില് ജാനകിയമ്മ പാടിയ പാട്ടുകള് തമിഴകത്തിനു വൈകാരികജീവിതത്തിന്റെ ഭാഗമായി. ഭാഷാവ്യത്യാസങ്ങളില്ലാതെ, സംഗീതത്തിന്റെ സാര്വലൗകികമായ ഭാഷയിലൂടെ അവര് ഭാരതമണ്ണിലെ സംഗീതാസ്വാദകരെ ഒരുനൂലില് കോര്ത്തുനിര്ത്തി. അത് ഇന്ത്യയിലെ മറ്റൊരു ഗായികയ്ക്കും സാധിക്കുമായിരുന്നില്ല.
സംഗീതനിരൂപകര് ചൂണ്ടിക്കാണിക്കുന്ന ജാനകിയമ്മയുടെ ഏറ്റവും വലിയ സവിശേഷത, ആ ശബ്ദത്തിന്റെ വഴക്കമായിരുന്നു.
മലയാളത്തില് ജാനകിയമ്മ പാടിയ താരാട്ടുപാട്ടുകള് കേള്ക്കാത്ത കുട്ടികളുണ്ടായിരുന്നില്ല ഒരു കാലത്ത്. കാമുകിയുടെ മനം മയക്കുന്ന പ്രണയഭാവവും (അകലെയകലെ നീലാകാശം), വിരഹത്തിന്റെ തീക്ഷ്ണതയും (നാഥാ നീ വരും കാലൊച്ച കേള്ക്കുവാന്) ജാനകിയമ്മ പാടുമ്പോള് അത് ആസ്വാദകന്റെ ഉള്ളുലച്ചു.
പ്രായഭേദമന്യേ ശബ്ദം മാറാനുള്ള ജാനകിയമ്മയുടെ കഴിവ് എല്ലാവരെയും അത്ഭുതപ്പെടുത്തി. "ഓളങ്ങള്’ എന്ന ചിത്രത്തിലെ "തുമ്പി വാ’ എന്ന ഗാനത്തില് ഒരു കുട്ടിയുടെ ശബ്ദത്തില് തുടങ്ങി, ഒടുവില് ഒരു മുതിര്ന്ന ഗായികയുടെ ഭാവത്തിലേക്ക് മാറുന്ന ജാനകീസ്പര്ശം ഇന്ത്യന് സംഗീതത്തിലെ തന്നെ അത്യപൂര്വമായ പരീക്ഷണമാണ്.
ആണ്കുട്ടിയുടെ ശബ്ദത്തിലും പാടി ജാനകിയമ്മ വിസ്മയിച്ചു എന്നതും ചരിത്രം രേഖപ്പെടുത്തി. ബാബുരാജിന്റെ ഹാര്മോണിയത്തില് വിരിഞ്ഞ ഗസല് സ്പര്ശമുള്ള ഈണങ്ങള്ക്ക് ജാനകിയമ്മയുടെ ശബ്ദം പ്രണയത്തിന്റെ പുതിയൊരു ഭാഷ നല്കി. പിന്നീട് ദേവരാജന് മാസ്റ്റര്, എം.കെ. അര്ജുനന്, ശ്യാം, ജോണ്സണ് മാസ്റ്റര്, ഇളയരാജ എന്നിവരുടെയെല്ലാം ഈണങ്ങള്ക്ക് ജീവന് പകരാന് ജാനകിയമ്മയ്ക്കു കഴിഞ്ഞു. പി. ജയചന്ദ്രന്, കെ.ജെ. യേശുദാസ്, എസ്.പി. ബാലസുബ്രഹ്മണ്യം എന്നിവര്ക്കൊപ്പം അവര് പാടിയ യുഗ്മഗാനങ്ങള് പ്രണയികളുടെ വസന്തോത്സമാണ്.
ഭൗതികമായി ജാനകിയമ്മ വിടപറയുമ്പോഴും, ആ സംഗീതം ഒരാളുടെ മനസില്നിന്നുപോലും മായില്ല. വരുംതലമുറകള്ക്കും ആലാപന വ്യത്യസ്തതയും ആഴവുമറിയാന് ആ വാനമ്പാടിയുടെ സ്വരപ്രപഞ്ചത്തിലേക്കു മടങ്ങിവരേണ്ടി വരും. ആ ശബ്ദം അനശ്വരമാണ്..!
Leader Page
കാലത്തെ അതിജീവിച്ച സ്വരം നിശബ്ദമായിരിക്കുന്നു. അനേകം തലമുറകളുടെ കണ്ണീരിനും പുഞ്ചിരിക്കുമൊപ്പം ഒഴുകിയ മാന്ത്രികസ്വരം - എസ്. ജാനകിയെന്ന വാനന്പാടി ഇനി ഓർമ. ഭാഷകളുടെയും അതിരുകളുടെയും വേർതിരിവുകൾ മറികടന്ന് സംഗീതത്തെ വികാരമാക്കിയ ആ അപൂർവ ശബ്ദം ഇനി ആസ്വാദക ഹൃദയങ്ങളിൽ മാത്രം.
ശബ്ദത്തിലെ ശാലീനതയും ആലാപനത്തിലെ മാധുര്യവുമാണ് അവരെ വേറിട്ടു നിർത്തിയത്. നടിമാരുടെ അഭിനയത്തിനും കഥാപാത്രങ്ങളുടെ സ്വഭാവത്തിനും അനുസരിച്ച് ശബ്ദത്തിൽ മാറ്റം വരുത്താൻ ജാനകിയമ്മയ്ക്ക് പ്രത്യേക കഴിവുണ്ടായിരുന്നു. ഏതു ഭാഷയിലെയും പാട്ടുകൾ വളരെ പെട്ടെന്ന് പഠിച്ചിരുന്ന അവർ ഉച്ചാരണശുദ്ധിക്ക് പ്രാധാന്യവും നല്കിയിരുന്നു. അതുകൊണ്ടുതന്നെ മലയാളി അല്ലെന്ന് അവരുടെ പാട്ടുകേട്ടാൽ ആർക്കും പറയാനുമാകില്ലായിരുന്നു.
വരികൾ കൃത്യമായി മനസിലാക്കി പഠിച്ചതിനു ശേഷമായിരുന്നു അവർ പാടിയിരുന്നതെന്ന് സംഗീതസംവിധായകർ തന്നെ സാക്ഷ്യപ്പെടുത്തിയിട്ടുണ്ട്. സംഗീത സംവിധായകർ പാടിക്കൊടുക്കുന്നവ ക്ഷണനേരത്തിൽ ഹൃദിസ്ഥമാക്കാൻ പ്രത്യേക കഴിവുതന്നെ അവർക്കുണ്ടായിരുന്നു.
പതിനേഴ് ഭാഷകളിലായി 48,000 ത്തോളം ഗാനങ്ങളാണ് ആ സ്വരമാധുരിയിൽനിന്നും ആസ്വാദകർക്കായി ഒഴുകിയത്. എല്ലാ ദക്ഷിണേന്ത്യൻ ഭാഷാ ചിത്രങ്ങളിലും പാടിയിട്ടുള്ള ജാനകി ഹിന്ദി, സിംഹള, ബംഗാളി, പഞ്ചാബി, ഒറിയ, ഇംഗ്ലീഷ്, സംസ്കൃതം, കൊങ്ങിണി, തുളു, സൗരാഷ്ട്ര, ബഡഗ, ജർമൻ ഭാഷകളിലും സ്വരസാന്നിധ്യമറിയിച്ചു. 1200ൽ പരം മലയാള സിനിമാ ഗാനങ്ങൾക്കാണ് ജാനകിയമ്മ ശബ്ദം പകർന്നത്.
1957ൽ പുറത്തിറങ്ങിയ മിന്നുന്നതെല്ലാം പൊന്നല്ല എന്ന ചിത്രത്തിലെ ഇരുൾ മൂടുകയോ എൻ വാഴ്വിൽ... എന്ന ഗാനത്തിലൂടെയാണ് ജാനകിയമ്മ മലയാളത്തിലേക്കെത്തുന്നത്. പിന്നീടിങ്ങോട്ട് മലയാളി അവരുടെ ശബ്ദത്തെ നെഞ്ചേറ്റുകയായിരുന്നു. അവർ പാടിയ ശോകഗാനങ്ങളും താരാട്ടുപാട്ടുകളും മലയാളി മനസിൽ തളംകെട്ടി നിൽക്കുന്നവയാണ്. മൗനമേ..., മലർകൊടി പോലെ..., ഉണ്ണി ആരാരിരോ..., രാകേന്ദു കിരണങ്ങൾ..., ചാന്തുപൊട്ടിലെ ആഴക്കടലിന്റെ അങ്ങേക്കരയിലായ്.... തുടങ്ങിയവ അതിനുദാഹരണങ്ങൾ മാത്രം.
മലയാളത്തിൽ എം.എസ്. ബാബുരാജിനു വേണ്ടിയാണ് കൂടുതൽ ഗാനങ്ങൾ അവർ ആലപിച്ചത്. തളിരിട്ട കിനാക്കൾതൻ...(മൂടുപടം), അഞ്ജന കണ്ണെഴുതീ...(തച്ചോളി ഒതേനൻ), സൂര്യകാന്തീ..(കാട്ടുപൂവ്), ഒരു കൊച്ചു സ്വപ്നത്തിൻ (തറവാട്ടമ്മ), താമര കുമ്പിളിലല്ലോ മമഹൃദയം (അന്വേഷിച്ചു കണ്ടെത്തിയില്ല), താനേ തിരിഞ്ഞും മറിഞ്ും...(അന്പലപ്രാവ്) തുടങ്ങിയവയെല്ലാം ഇന്നും നാവിൻ തുന്പിൽ നിൽക്കുന്നവ തന്നെ. ഹിറ്റുകൾക്ക് ഇടവേള നല്കാതെയായിരുന്നു അവരുടെ ആലാപനം. ഏതുസിനിമയിൽ പാടിയാലും ജാനകിയമ്മയുടെ ഒരു പാട്ടെങ്കിലും കാലാതീതമായി നിലകൊള്ളുന്നതായിരുന്നു എന്നതാണ് സത്യം.
ഏറ്റുമാനൂരന്പലത്തിൽ...,മഞ്ഞണിപ്പൂനിലാവ് (രാഘവൻ മാസ്റ്റർ), മുറ്റത്തെ മുല്ലയിൽ... നീയെവിടേ നിൻ നിഴലെവിടേ..., ഇലഞ്ഞിപ്പൂമണം (ദേവരാജൻ മാസ്റ്റർ) ഇന്നലെ നീയൊരു സുന്ദരരാഗമായെൻ..., പുലയനാർ മണിയമ്മ..., ഗോവർധനഗിരി..., ആലാപനം..., വൈക്കത്തഷ്ടമി നാളിൽ...(ദക്ഷിണാമൂർത്തി), നിദ്രതൻ നീരാഴി(ചിദംബരനാഥ്), തുന്പിവാ തുന്പക്കുടത്തിൻ..., ശ്രുതിയിൽ നിന്നുയരും..., കിളിയേ കിളിയേ...(ഇളയരാജ), രാകേന്ദുകിരണങ്ങൾ...(എ.ടി. ഉമ്മർ), സന്ധ്യേ കണ്ണീരിതെന്തേ..., മലർക്കൊടി പോലെ....(സലിൽ ചൗധരി), ഉണരൂ വേഗം നീ...(ഉഷാഖന്ന), ആ നിമിഷത്തിന്റെ നിർവൃതിയിൽ..., ഒരുപുഷ്പം മാത്രമെൻ..., കസ്തൂരി മണക്കുന്നല്ലോ, ഇളംമഞ്ഞിൻ കുളിരുമായ്..., താളം ശ്രുതിലയതാളം...,പീലിയേഴും വീശിവാ...(കണ്ണൂർ രാജൻ), ചിരിക്കുന്പോൾ കൂടെ ചിരിക്കാൻ (എം.ബി. ശ്രീനിവാസൻ), മഞ്ഞണിക്കൊന്പിൽ...(ജെറി അമൽദേവ്), ഗോപികേ നിൻവിരൽ..., സ്വർണമുകിലേ..., ആടിവാ കാറ്റേ..., പൊന്നുരുകും പൂക്കാലം..., പൂങ്കാറ്റിനോടും കിളികളോടും... (ജോൺസൺ), നാഥാ നീ വരും കാലൊച്ച..., മൗനമേ നിറയും മൗനമേ...(എം.ജി. രാധാകൃഷ്ണൻ), തേനും വയന്പും(രവീന്ദ്രൻ), മൈനാകം(ശ്യാം) തുടങ്ങി മലയാളത്തിൽ നിരവധി ഗാനങ്ങളാണ് ആസ്വാദക ഹൃദയം കീഴടക്കിയിട്ടുള്ളത്.
ജാനകിയമ്മയുടെ മികച്ച ഗാനങ്ങളെ തരം തിരിക്കുകതന്നെ ശ്രമകരമാണ്.
തമിഴിലും തെലുങ്കിലും ജാനകിയമ്മ പാടിയ ഗാനങ്ങൾ ഏറിയപങ്കും ജനഹൃദയങ്ങളിൽ ചേക്കേറിയവയായിരുന്നു. എം.എസ്. വിശ്വനാഥൻ, ഇളയരാജ, എ.ആർ. റഹ്മാൻ തുടങ്ങിയ പ്രഗത്ഭ സംഗീതസംവിധായകരുടെ കീഴിൽ നിരവധി തമിഴ് ഹിറ്റ് ഗാനങ്ങൾ അവർ പാടി.
രണ്ടുദേശീയ പുരസ്കാരങ്ങൾ തമിഴിൽ പാടിയ ഗാനങ്ങൾക്കായിരുന്നു. തമിഴ്നാട് സർക്കാരിന്റെ കലൈമാമണി പുരസ്കാരവും അവർക്ക് ലഭിച്ചു. തെലുങ്ക് സിനിമകളിലൂടെയായിരുന്നു അവരുടെ സിനിമാ അരങ്ങേറ്റവും. എസ്പിബിയുമൊത്ത് നിരവധി ഡ്യൂയറ്റ് പാട്ടുകളും അവർ തെലുങ്കിൽ ആലപിച്ചിട്ടുണ്ട്.
2017 ഒക്ടോബറിൽ മൈസൂരിലെ മാനസഗംഗോത്രി ഓപ്പൺ എയർ ഓഡിറ്റോറിയത്തിലായിരുന്നു എസ്. ജാനകിയുടെ അവസാന സംഗീതനിശ. ഇനി പൊതുവേദിയിൽ പാടില്ലെന്ന് അവർ അവിടെ പ്രഖ്യാപിച്ചു. 2016ൽ പുറത്തിറങ്ങിയ പത്തു കൽപ്പനകൾ എന്ന ചിത്രത്തിലായിരുന്നു അവരുടെ അവസാന സിനിമാഗാനം. ശബ്ദം മൗനമായെങ്കിലും ജാനകിയമ്മ പാടിയ ഓരോ ഗാനവും സംഗീതാസ്വാദകരുടെ ഹൃദയങ്ങളിൽ എന്നും അനശ്വരമായി മുഴങ്ങുമെന്ന് തീർച്ച. ഇത് ഒരു യുഗത്തിന്റെ അവസാനമാണെങ്കിലും ആ സ്വരമാധുര്യം ഒരിക്കലും അസ്തമിക്കില്ല.
Leader Page
അന്തരിച്ച ഗായിക എസ്. ജാനകിക്ക് എല്ലാ ആദരവും അർപ്പിക്കുന്നു. നമ്മുടെ സംഗീതമേഖലയിൽ ഇതുപോലെ മറ്റൊരു ബഹുമുഖ വ്യക്തിത്വമില്ല. ഒരു നടൻ വ്യത്യസ്ത കഥാപാത്രങ്ങളെ അവതരിപ്പിക്കുമ്പോൾ നമ്മൾ ബഹുമുഖപ്രതിഭ എന്നൊക്കെ പറയാറുണ്ട്. അതുപോലെ വ്യത്യസ്തമായ വൈകാരിക അവസ്ഥകളെ ജാനകിയമ്മ എങ്ങനെയാണ് സംഗീതത്തിലൂടെ പ്രതിഫലിപ്പിച്ചു തന്നത് എന്നതു നമ്മൾ ആലോചിക്കേണ്ടതുണ്ട്. അതുകൊണ്ടാണ് സംഗീതത്തിലെ ബഹുമുഖ പ്രതിഭയാണ് അവർ എന്നു പറയുന്നത്. ക്ലാസിക്കൽ രൂപത്തിലുള്ള പാട്ടുകൾ ആയാലും ഫോക്ക് രൂപത്തിലുള്ള പാട്ടുകൾ ആയാലും മറ്റ് വൈകാരിക അവസ്ഥകളെ പ്രതിഫലിപ്പിക്കുന്ന പാട്ടുകളായാലും ജാനകിയമ്മ അത് അനായാസം അവതരിപ്പിച്ചിരുന്നു.
അവർ തെലുങ്കുനാട്ടിൽ ജനിച്ച ഒരാളാണ്. പക്ഷേ മലയാള ഭാഷയോട് അവർ കാണിച്ച സ്നേഹം ഒരു മലയാളിക്കും മറക്കാനാകില്ല. എസ്. ജാനകി നമ്മുടെ ഉള്ളിൽ എപ്പോഴും പാടിക്കൊണ്ടേയിരിക്കും. എസ്. ജാനകി മരിക്കുന്നില്ല. അവർ പാട്ടു നിർത്തിയപ്പോൾ ഞാൻ അങ്ങനെ പറഞ്ഞിരുന്നു. പാട്ടു നിർത്തിയാലും ജാനകിയമ്മ മലയാളിയുടെ ഉള്ളിൽ പാടിക്കൊണ്ടേയിരിക്കും എന്ന്. കാരണം അത് നിലയ്ക്കാത്ത ഒരു സംഗീത പ്രവാഹമാണ്.നമ്മുടെ ഭാഷയോട് അവർ കാണിച്ച സ്നേഹം പല സന്ദർഭങ്ങളിലും പല ഇന്റർവ്യൂകളിലുമൊക്കെ ഞാൻ മനസിലാക്കിയിട്ടുണ്ട്. പി. ഭാസ്കരൻ മാഷോടൊക്കെ അവർ കാണിച്ച സ്നേഹം മലയാളി ഗായികമാർക്കുപോലും പറ്റാത്ത വിധമാണ്. കവിതയോടും ഭാഷയോടും അവർ കാണിച്ച സ്നേഹം വളരെ പ്രധാനപ്പെട്ടതാണ്. കാരണം ഉച്ചാരണത്തിൽ ശ്രദ്ധിക്കുന്നതിനും വാക്കുകളുടെ അർഥം മനസിലാക്കി പാടുന്നതിനും ആ ഭാഷാസ്നേഹം അനിവാര്യമാണ്.
ഒരിക്കലവർ ഇരുകണ്ണീർത്തുള്ളികൾ എന്ന പാട്ടിനെക്കുറിച്ച് വിശദീകരിച്ചപ്പോൾ ഞാൻ അദ്ഭുതപ്പെട്ടുപോയി. കാരണം ആ പാട്ടിനെ ഒരു മലയാളിയായിട്ടുപോലും ഞാനങ്ങനെ മനസിലാക്കിയിരുന്നില്ല. പക്ഷേ ഭാസ്കരൻമാഷ് അവർക്കത് വിശദീകരിച്ചു കൊടുത്ത കാര്യം അവർ എത്ര ആദരവോടെയാണ് പറയുന്നത്. അവരുടെ മാതൃഭാഷയല്ലാത്ത ഒരു ഭാഷയോട് അവർ കാണിച്ച വളരെ ഗൗരവമായ ഒരു സ്നേഹം അല്ലെങ്കിൽ ബഹുമാനം ഒരു ജനതയോട് കാണിച്ച ബഹുമാനമാണ്. മലയാളിസമൂഹത്തോടുള്ള അവരുടെ സ്നേഹം സവിശേഷമായിരുന്നു. അതുകൊണ്ടുതന്നെ മലയാളിയുടെ മനസിൽ അവർ ഒരിക്കലും മരിക്കുന്നില്ല.
ശാസ്ത്രീയ സംഗീതത്തിൽ അവർ വലിയ പണ്ഡിതയൊന്നുമായിരുന്നില്ല. അല്ലെങ്കിൽ വലുതായി പഠിച്ചിട്ടില്ലായിരുന്നു എന്നാണ് പറഞ്ഞുകേട്ടിട്ടുള്ളത്. പക്ഷേ അവരുടെ പാട്ടു കേട്ടാൽ അതൊന്നും തോന്നില്ല. തെലുങ്കിലും തമിഴിലും ഒക്കെ ശുദ്ധ ശാസ്ത്രീയ രീതിയിൽ പാടിയിട്ടുള്ള ചില പാട്ടുകൾ മറ്റൊരാൾക്ക് അനുകരിക്കാൻ പറ്റാത്ത രീതിയിലായിരുന്നു. മനുഷ്യകണ്ഠത്തിന് അസാധ്യമായ ചില പ്രയോഗങ്ങളൊക്കെ വയലിനിൽ വായിക്കാം എന്ന് എൽ. സുബ്രഹ്മണ്യം പറഞ്ഞപ്പോൾ ജാനകിയമ്മ അതൊരു ചലഞ്ച് ആയി ഏറ്റെടുത്തു പാടി കേൾപ്പിച്ചു കൊടുക്കുന്നുണ്ട്.
അങ്ങനെയുള്ള ഒരുപാട് സന്ദർഭങ്ങൾ പലരുടെയും ഓർമയിലുണ്ട്. ശിങ്കാരവേലനേ എന്നൊരു പാട്ടുണ്ട്. നാഗസ്വരവും എസ്. ജാനകിയും കൂടി മത്സരിക്കുന്ന ആ പാട്ടൊക്കെ നമുക്ക് ഒരിക്കലും മറക്കാനാകില്ല.
പാടുമ്പോൾ അവർ ആ കഥാപാത്രമായി സ്വയം മാറുകയാണ്. അതായത് ഒരു പാട്ട് ഒരു സംഗീത സംവിധായകൻ പറഞ്ഞു കൊടുക്കുമ്പോൾ ആ പാട്ടിന് അദ്ദേഹം കൊടുത്തിട്ടുള്ള വൈകാരികമായ സമീപനം ഉണ്ടാകും. അത് രാഗങ്ങളിലൂടെയോ അല്ലാതെയോ ഒക്കെ വരുന്നതാകും. ആ സമീപനത്തിന് ഒരു സാംസ്കാരിക പശ്ചാത്തലവും ഉണ്ടാകും. പക്ഷേ ഈ സാംസ്കാരിക പശ്ചാത്തലത്തെ മനസിലാക്കി പാടുന്നവർ വളരെ കുറവാണ്. കാരണം ആ കഥാപാത്രത്തിന്റെ വികാരം മാത്രമല്ല ഏതു കഥാപാത്രമാണെന്നുകൂടി മനസിലാക്കി പാടുന്ന ഒരു രീതി. അത് ഒരുപക്ഷേ മലയാളികളായിട്ടുള്ള ഗായകർക്കുപോലും സാധിച്ചിട്ടില്ല എന്നാണ് ഞാൻ വിശ്വസിക്കുന്നത്. ബഹുമുഖപ്രതിഭ എന്ന് നേരത്തേ പറഞ്ഞപ്പോൾ അതിന്റെ കൂടെ പറയേണ്ടിയിരുന്ന ഒരു കാര്യമാണിത്.
മലയാളത്തിന്റെ ഏറ്റവും പ്രിയപ്പെട്ട സംഗീത സംവിധായകർ എം.എസ്. ബാബുരാജിന്റെ ഏറ്റവും കൂടുതൽ പാട്ടുകൾ പാടിയിട്ടുള്ളത് എസ്. ജാനകിയാണ്.
ഹിന്ദിയിൽ മദൻ മോഹൻ എന്ന സംഗീത സംവിധായകൻ ചില പാട്ടുകൾക്കു വേണ്ടി ലതാ മങ്കേഷ്കറെ കാത്തിരുന്നു എന്നു കേട്ടിട്ടുണ്ട്. അതുപോലെയായിരുന്നു ബാബുരാജും ജാനകിയമ്മയും തമ്മിലുള്ള ബന്ധം. ഇന്ന് കേൾക്കുന്ന ബാബുക്കായുടെ പാട്ടുകൾ മുഴുവനും സ്ത്രീ ദുഃഖങ്ങളാണ്. സ്ത്രീകളുടെ പ്രശ്നങ്ങളാണ്. സ്ത്രീയാണല്ലോ മുഖ്യ കഥാപാത്രം. അവരുടെ അകത്തളങ്ങളിലെ ദുഃഖങ്ങളും തറവാടുകൾക്കകത്ത് തളയ്ക്കപ്പെട്ട സ്ത്രീ ജീവിതങ്ങളുടെ ഒരു ബഹിർസ്ഫുരണമായിട്ടാണ് പലപ്പോഴും ഈ പാട്ടുകൾ അവതരിപ്പിക്കുന്നത്. ആ പാട്ടുകളൊക്കെ ആ രീതിയിലാണ് അവർ അവതരിപ്പിച്ചിട്ടുള്ളത്. ഓളവും തീരവും എന്ന ചിത്രത്തിൽ നബീസു ആണെങ്കിൽ ഇരുട്ടിന്റെ ആത്മാവിൽ അമ്മുക്കുട്ടിയായി അനായാസം ജാനകിയമ്മ മാറുന്നു. ഇങ്ങനെ ഒരു പരകായപ്രവേശം ഒരു പക്ഷേ മറ്റധികം പേർക്ക് സാധിച്ചിട്ടില്ല.
എസ്. ജാനകിക്ക് മുൻപേ ഇവിടെ ഉണ്ടായിരുന്ന ശാന്ത പി. നായർ, ജിക്കി, പി. ലീല തുടങ്ങിയവർക്കെല്ലാം ഒരുപാട് പരിമിതികളുണ്ടായിരുന്നു. ആ പരിമിതികൾ മറികടന്ന് ഈ ചലച്ചിത്ര സംഗീത ശാഖയെ വിസ്തൃത തലത്തിലേക്ക് വളർത്തിയെടുക്കുന്നതിൽ ഇവർക്ക് വലിയ പങ്കുണ്ട്. എസ്. ജാനകിക്കും പി. സുശീലയ്ക്കും യേശുദാസിനും ഒക്കെ പങ്കുണ്ട്.
സംഗീതസംവിധായകരുടെ ഭാവനയെതന്നെ വിശാലമായ തലത്തിലേക്ക് വികസിപ്പിച്ചെടുക്കുകയാണ്. ഒരു പാട്ട് നല്ലതാവുന്നു എന്നതിലപ്പുറം അവർ ഈ സംഗീത സംവിധാന മേഖലയുടെ വികാസത്തിൽകൂടി പങ്കാളിയായെന്നത് എടുത്തു പറയേണ്ടതാണ്.
Kerala
സ്വരമാധുരിയിലൂടെ ജനഹൃദയം കവർന്ന പ്രിയപ്പെട്ട ജാനകിയമ്മയ്ക്ക് വിട. തെന്നിന്ത്യൻ സിനിമയ്ക്ക് ഭാവങ്ങളുടെയും ഈണങ്ങളുടെയും പുതിയൊരു ആകാശമാണ് എസ്. ജാനകി എന്ന ഗായിക സമ്മാനിച്ചത്. ആ ശബ്ദം കേൾവിക്കാരെ വെറുമൊരു പാട്ടിനപ്പുറം മറ്റേതോ മാസ്മരിക ലോകത്തേക്കാണ് കൂട്ടിക്കൊണ്ടുപോയത്.
ആന്ധ്രയിൽ ജനിച്ച ജാനകിയമ്മ ഭാഷയുടെ അതിരുകളെല്ലാം ഭേദിച്ചാണ് മലയാളിയുടെയും തമിഴിന്റെയും കന്നഡയുടെയും സ്വന്തം ഗായികയായി മാറിയത്. 1957-ൽ തന്റെ 19-ാം വയസിൽ വിധിയിൻ വിളയാട്ട് എന്ന തമിഴ് സിനിമയിലൂടെയായിരുന്നു എസ്. ജാനകിയുടെ സിനിമയിലെ അരങ്ങേറ്റം. അത്ഭുതമെന്നു പറയട്ടെ അരങ്ങേറിയ അതെ വർഷം തന്നെ ആറ് ഭാഷകളിൽ പാടിക്കൊണ്ടാണ് അവർ സംഗീതലോകത്തെ ഞെട്ടിച്ചത്.
മലയാളം ഉൾപ്പെടെയുള്ള ഇന്ത്യൻ ഭാഷകളിൽ മാത്രമല്ല, ജാപ്പനീസ്, ജർമ്മൻ തുടങ്ങി ഇരുപതോളം വിദേശ-സ്വദേശ ഭാഷകളിലായി നാൽപ്പത്തിയെണ്ണായിരത്തിലധികം ഗാനങ്ങളാണ് അവർ പാടിത്തീർത്തത്. മറ്റു ഗായികമാരിൽ നിന്നും ജാനകിയമ്മയെ വേറിട്ടു നിർത്തുന്നത് അവരുടെ ശബ്ദത്തിന്റെ അത്ഭുതകരമായ മാറ്റങ്ങളാണ്.
വെറുതെ പാടുകയല്ല, മറിച്ച് ഓരോ വരികളിലും ജീവൻ നൽകി അഭിനയിക്കുകയായിരുന്നു അവർ ചെയ്തത്. മലയാളത്തിലെ അവരുടെ പാട്ടുകൾ കേൾക്കുമ്പോൾ ഒരു അന്യഭാഷാ ഗായികയാണ് ഇത് പാടിയതെന്ന് ആർക്കും തോന്നുകയേ ഇല്ല. അത്രയ്ക്ക് കൃത്യമായ ഉച്ചാരണവും ഭാവവുമായിരുന്നു. അതുകൊണ്ടുതന്നെ മലയാളികൾ ഒരു അന്യനാട്ടുകാരിയായിട്ടല്ല ജാനകിയെ കണ്ടത്. സ്വന്തം വീട്ടിലെ ഒരാളായിട്ടാണ് കണ്ടത്.
ഇളയരാജ, ജി. ദേവരാജൻ, എം. കെ.അർജുനൻ തുടങ്ങിയ പ്രശസ്ത സംഗീതസംവിധായകരുടെ ഈണങ്ങൾക്ക് പൂർണത നൽകാൻ ജാനകിയമ്മയുടെ ആലാപനത്തിന് കഴിഞ്ഞു. ഓരോ പാട്ടിലും അവർ സ്വന്തം ആത്മാവ് ചേർത്തുവെച്ചു. അതുകൊണ്ടാണ് തലമുറകൾ കഴിഞ്ഞിട്ടും ആ പാട്ടുകൾ ഇന്നും പുതിയതായി തോന്നുന്നത്. തന്റെ സംഗീത ജീവിതത്തിൽ നാല് ദേശീയ അവാർഡുകളും പതിനാല് കേരള സംസ്ഥാന അവാർഡുകളും ഉൾപ്പെടെ നിരവധി പുരസ്കാരങ്ങൾ അവരെ തേടിയെത്തി.
എന്നാൽ പുരസ്കാരങ്ങളേക്കാൾ സ്വന്തം നിലപാടുകൾക്കായിരുന്നു അവർ വില കൽപ്പിച്ചത്. ദക്ഷിണേന്ത്യൻ കലാകാരന്മാരെ അവഗണിക്കുന്ന എന്ന് ആരോപിച്ച് തനിക്ക് ലഭിച്ച പത്മഭൂഷൺ പുരസ്കാരം നിരസിക്കുകയായിരുന്നു. തന്റെ ശബ്ദത്തിന് യാതൊരു കുറവും വരാത്ത പ്രായത്തിൽ തന്നെ സംഗീത ലോകത്തോട് വിടപറയാൻ കാണിച്ച ദീർഘവീക്ഷണവും അവരെ മറ്റുള്ളവരിൽ നിന്ന് വേറിട്ടു നിർത്തുന്നു.
ആ സംഗീത സരസ്വതി നമ്മെ വിട്ടുപിരിഞ്ഞെങ്കിലും അവർ പാടിവെച്ച പാട്ടുകൾക്ക് ഒരിക്കലും മരണമില്ല. എസ്. ജാനകി എന്നത് വെറുമൊരു ഗായികയുടെ പേരല്ല, മറിച്ച് പല തലമുറകളുടെ ഓർമ്മകളെയും വികാരങ്ങളെയും കൂട്ടിയിണക്കുന്ന മനോഹരമായൊരു സംഗീതമാണ്.
International
ലണ്ടൻ: വെൽഷ് പോപ്പ്-റോക്ക് ഗായിക ബോണി ടെയ്ലർ (ഗെയ്നർ ഹോപ്കിൻസ്-75) അന്തരിച്ചു. പോർച്ചുഗലിലെ ഫാറോയിലുള്ള ആശുപത്രിയിലായിരുന്നു അന്ത്യം. ‘ടോട്ടൽ എക്ലിപ്സ് ഓഫ് ദ ഹാർട്ട്’, ‘ഹോൾഡിംഗ് ഔട്ട് ഫോർ എ ഹീറോ’, ‘ഇറ്റ്സ് എ ഹാർട്ടേക്ക്’ തുടങ്ങിയ ഗാനങ്ങളിലൂടെയാണ് അവർ സംഗീതലോകത്ത് ശ്രദ്ധേയയായത്.
ബോണി ടെയ്ലറുടെ അടഞ്ഞ ശബ്ദമായിരുന്നു സംഗീതലോകത്ത് അവരെ വേറിട്ട് നിർത്തിയ ഒരു ഘടകം. ഗുരുതരമായ അപകടത്തെത്തുടർന്ന് വോക്കൽ കോർഡ് നൊഡ്യൂൾ നീക്കം ചെയ്യേണ്ടിവന്നതോടെയാണ് ശബ്ദം വ്യത്യാസപ്പെട്ടത്. എന്നാൽ വർധിത വീര്യത്തോടെ ‘ടോട്ടൽ എക്ലിപ്സ് ഓഫ് ദി ഹാർട്ട്’ എന്ന ആൽബവുമായെത്തിയ ബോണി ടെയ്ലറെ ലോകം രണ്ടുകൈയും നീട്ടി സ്വീകരിച്ചു. അക്കാലത്തെ ഗ്രാമി പുരസ്കാരത്തിന് അവർ നാമനിർദേശം ചെയ്യപ്പെട്ടു.
1970-കളുടെ അവസാനം ‘ഇറ്റ്സ് എ ഹാർട്ടേക്ക്’ എന്ന ഗാനത്തിലൂടെയാണ് അന്താരാഷ്ട്രശ്രദ്ധ നേടുന്നത്. പിന്നീട് ജിം സ്റ്റെയിൻമാനുമായുള്ള കൂട്ടുകെട്ടിൽ പുറത്തിറങ്ങിയ ‘ടോട്ടൽ എക്ലിപ്സ് ഓഫ് ദി ഹാർട്ട്’ വൻ വിജയമായി. 1983-ൽ യുഎസ് ചാർട്ടിൽ ഒന്നാമതെത്തുന്ന ആദ്യ വെൽഷ് ഗായികയായി അവർ മാറി. 1951ൽ വെയിൽസിലെ സ്വാൻസീയിൽ കൽക്കരി ഖനിത്തൊഴിലാളിയുടെ മകളായാണ് ജനനം.
Movies
ഗായിക ഗൗരി ലക്ഷ്മിയുടെ രണ്ടാം വിവാഹത്തിൽ ഒപ്പം നിന്ന് ആദ്യ ഭർത്താവ്. ഇക്കഴിഞ്ഞ ഞായറാഴ്ചയായിരുന്നു ഗൗരിയുടെ വിവാഹം. വിഷ്വൽ ആർട്ടിസ്റ്റായ കലേഷ് ആണ് ഗൗരിയെ വിവാഹം കഴിച്ചത്.
ഇരുവർക്കും ആശംസകളറിയിച്ച് ഗൗരി ലക്ഷ്മിയുടെ മുൻ ഭർത്താവ് ഗണേഷ് വെങ്കട്ടരമണി എത്തിയതും ആരാധകരെ ഇരട്ടി സന്തോഷത്തിലേയ്ക്ക് നയിച്ചു.
ഗൗരിക്കും ഭർത്താവിനുമൊപ്പം വിവാഹദിനത്തിൽ പങ്കെടുത്ത ചിത്രത്തോടൊപ്പമായിരുന്നു ഗണേഷിന്റെ കുറിപ്പ്.
‘കുടുംബാംഗങ്ങളെല്ലാം ഒരു രക്തത്തിൽ പെട്ടവരാകണം എന്നില്ല’ എന്ന അടിക്കുറിപ്പോടെയായിരുന്നു ചിത്രം. ഗൗരിയുടെ സുഹൃത്തുക്കൾക്കും കുടുംബാംഗങ്ങൾക്കുമൊപ്പം വിവാഹത്തിൽ സജീവസാന്നിധ്യമായിരുന്നു ഗണേഷ്.
2018ലായിരുന്നു ഗൗരിയുടെ ആദ്യവിവാഹം. ചെന്നൈ സ്വദേശിയായ ഗണേഷ് ഗൗരിയുടെ ബാൻഡിലെ ഡ്രമ്മറുമായിരുന്നു ഗണേഷ്.
2019ൽ ചേർത്തലയിൽ ഇരുവരും ചേർന്ന് ‘ഇസൈക്കൂട്’ എന്നൊരു വീടും നിർമിച്ചിരുന്നു. പിന്നീട് വേർപിരിഞ്ഞെങ്കിലും ഇരുവരും അടുത്ത സൗഹൃദം സൂക്ഷിച്ചിരുന്നു. ഗൗരിയുടെ സംഗീത ആൽബങ്ങളിലെല്ലാം ഇരുവരും ചേർന്നു പ്രവർത്തിക്കുകയും ചെയ്യുന്നുണ്ട്.
ഗൗരിയുടെ വിവാഹത്തിന്റെ ഫോട്ടോകൾ പങ്കുവച്ച് ‘ജീവിതകാലം മുഴുവൻ ഒരുമിച്ച് ജീവിക്കൂ’ എന്ന വാക്കുകളോടെ കുറിപ്പും പങ്കുവച്ചിരുന്നു ഗണേഷ്. ഗണേഷിന്റെ പോസ്റ്റിന് ഗൗരി ലക്ഷ്മിയും കലേഷും മറുപടിയും നൽകിയിരുന്നു.
Kerala
കോട്ടയം: തിരുനാമകീര്ത്തനം പാടുവാന് ഫാ. മൈക്കിള് പനച്ചിക്കല് തിരുസന്നിധിയിലേക്ക് യാത്രയായി. ലേഖകന്, നാടകകൃത്ത്, നോവലിസ്റ്റ്, ഗാനരചയിതാവ്, മാധ്യമപ്രവര്ത്തകന് എന്നിങ്ങനെ നിരവധി മേഖലകളില് തിളങ്ങിയ വ്യക്തിത്വമായിരുന്നു അന്തരിച്ച പനച്ചിക്കലച്ചന്.
വചനോത്സവം, ശാലോം, ജീവജ്വാല തുടങ്ങിയ ആനുകാലികങ്ങളില് അദ്ദേഹത്തിന്റെ ലേഖനങ്ങള് പ്രസിദ്ധീകരിക്കപ്പെട്ടിരുന്നു. ‘പാം ചിക്കന്’ എന്ന തൂലികാനാമത്തില് അദ്ദേഹം നോവലുകളും കഥകളും രചിച്ചു. ദീപിക ദിനപത്രത്തില് ‘സൂര്യഗ്രഹണം’ എന്ന പേരില് നോവല് പ്രസിദ്ധീകരിച്ചിരുന്നു. ആത്മീയ സാഹിത്യത്തിലേക്ക് പ്രവേശിക്കുന്നതിനു മുമ്പ് തന്നെ കഥകളും ചെറുകഥകളും നോവലുകളും വഴി സാഹിത്യരംഗത്ത് അദ്ദേഹം ശ്രദ്ധേയനായി.
മികച്ച നാടകകൃത്തും സംവിധായകനുമായിരുന്നു. അദ്ദേഹം ആരംഭിച്ച വന്ദന തീയറ്റേഴ്സ് മുഖേന ‘വിൻസെന്റ് ഡിപോൾ’ എന്ന നാടകം അരങ്ങിലെത്തി. ലോപസന്ധി, കമണ്ഡലൂ എന്നീ നാടകങ്ങളും പിറവികൊണ്ടത് ഫാ. മൈക്കിളിന്റെ തൂലികയില് നിന്നുമാണ്. സ്വര്ഗവാതില് പക്ഷികള് എന്ന നവീന നാടകത്തിന് കഥയും തിരക്കഥയും നല്കിയതു ഫാ. പനച്ചിക്കലച്ചനായിരുന്നു.
ആത്മാവില് ദരിദ്രര് ഭാഗ്യവാന്മാര്, സത്യം നിങ്ങളെ സ്വതന്ത്രരാക്കും, ക്രിസ്തു പരമാര്ഥം, സത്യങ്ങളും വസ്തുതകളും, വീണ്ടെടുപ്പിന്റെ വിശ്വാസ വഴി, കുരിശിന്റെ വഴി തുടങ്ങിയ ഗ്രന്ഥങ്ങളും രചിച്ചു. 1976ല് രചിച്ച ആദ്യഗാനം ‘നിത്യത തീര്ക്കുന്ന നിമിഷങ്ങളില്' ഡോ. കെ.ജെ. യേശുദാസാണ് ആലപിച്ചത്. ഗാനരചനയുടെ 50-ാം വര്ഷത്തിലാണ് ഫാ. മൈക്കി ളിന്റെ വിയോഗം. ദിവ്യകാരുണ്യം, അമൃതവര്ഷിണി (ജെറി അമല്ദേവ്), വചനോത്സവം (എല്ഡറിക് ഐസക്സ്), തിരുനാമ കീര്ത്തനം, ആത്മാഭിഷേകം, അനുതാപ കീര്ത്തനം (സണ്ണി സ്റ്റീഫന്) തുടങ്ങിയ സംഗീത ആല്ബങ്ങള് പുറത്തിറക്കി ഫാ. പനച്ചിക്കലച്ചന് സംഗീത ലോകത്ത് വിസ്മയം സൃഷ്ടിച്ചു.
തരംഗിണി ആല്ബങ്ങളിലെ ഗാനങ്ങളും ശ്രദ്ധയാകര്ഷിച്ചിരുന്നു. ശ്യാമാംബരത്തിലെ സൗന്ദര്യമായി നീ, ചേതോഹരം ശുഭ്രതേജോമയ, പ്രഭാത കുസുമം കവിളില് ചൂടിയ, ആത്മാനുരാഗഭരിതം, പിതാവേ അനന്ത നന്മയാകും എന്നിവ ഫാ. മൈക്കിളിന്റെ സൃഷ്ടിയില്പ്പിറന്നവയാണ്. കെ.ജെ. യേശുദാസ്, പി. ജയചന്ദ്രന്, എസ്. ജാനകി, കെ.എസ്. ചിത്ര, കെ.ജി. മാര്ക്കോസ്, മിന്മിനി, മധു ബാലകൃഷ്ണന്, കെസ്റ്റര്, മിഥുല മൈക്കിള് തുടങ്ങിയവര് ഫാ. മൈക്കിളിന്റെ ഗാനങ്ങള് ആലപിച്ചവരില് പ്രമുഖരാണ്.
ശാലോം ചാനലിന്റെ തീം സോംഗ് ‘മേലെ മാനത്തെ ഈശോയെ’ ഫാ. മൈക്കിള് രചിച്ച് എം. ജയചന്ദ്രന് ഈണം നല്കിയതാണ്.
ടെലിഫിലിം രംഗത്തു തന്റേതായ കഴിവു തെളിയിച്ച ഫാ. മൈക്കിള് 1980കളില് ടെലിഫിലിം സംവിധാനം ആരംഭിച്ചു. ജീവന്റെ അവകാശി (1997), വീടും വിശേഷങ്ങളും (1996), ബോയ്സ് (1993 ലഹരിക്കെതിരേ), കന്മഴ പെയ്യും മുമ്പേ (2009 തിരക്കഥ, നിര്മാണം) ആരു പറഞ്ഞു (ഷോര്ട്ട് ഫിലിം) എന്നിവയിലൂടെയും ഫാ. പനച്ചിക്കൽ പ്രതിഭ തെളിയിച്ചു. 2011ല് സമ്പൂര്ണ ബൈബിള് ഡിജിറ്റല് രൂപത്തില് പ്രചരിപ്പിക്കുന്നതിനും നേതൃത്വം നല്കി.
1974 ഡിസംബര് 19ന് പൗരോഹിത്യം സ്വീകരിച്ച ഫാ. മൈക്കിള് പനച്ചിക്കല്, അഞ്ച് പതിറ്റാണ്ടിലേറെ നീണ്ട പൗരോഹിത്യജീവിതത്തിനിടെ ഇന്ത്യയിലും വിദേശത്തുമായി നടത്തിയ ശുശ്രൂഷയിലൂടെ അനേകരെ ആത്മീയ നവോത്ഥാനത്തിലേക്ക് നയിച്ചു.
പോപ്പുലര് മിഷന് ഡയറക്ടര്, അടിച്ചിറ പരിത്രാണ ധ്യാനകേന്ദ്ര ഡയറക്ടര്, കട്ടപ്പന കൃപാലയ റിട്രീറ്റ് സെന്റര് ഡയറക്ടര്, അസിസ്റ്റന്റ് പ്രൊവിന്ഷ്യല് സുപ്പീരിയര് എന്നീ നിലകളില് അദ്ദേഹം സേവനം ചെയ്തു. പാലാ വിന്സെന്ഷ്യന് മൈനര് സെമിനാരിയിലും ആലുവ വിന്സെന്ഷ്യന് വിദ്യാഭവനിലും സ്പിരിച്വല് ഡയറക്ടറായും നോവിസ് മാസ്റ്ററായും പ്രവര്ത്തിച്ചു. വിന്സെന്ഷ്യന് സഭയുടെ കോതമംഗലം, കലൂര്, വട്ടപ്പാറ ആശ്രമങ്ങളില് സുപ്പീരിയറായും അങ്കമാലി, തോട്ടകം ആശ്രമങ്ങളില് പ്രൊക്യുറേറ്ററായും സേവനമനുഷ്ഠിച്ചു.
കെസിബിസി അവാര്ഡ്, ശാലോം മീഡിയ അവാര്ഡ്, സിസിലിയന് അവാര്ഡ്, ഗുഡ്നസ് മീഡിയ അവാര്ഡ്, വിന്സെന്ഷ്യന് ജനറലേറ്റിന്റെ ലൂമിനസ് അവാര്ഡ് തുടങ്ങി അംഗീകാരങ്ങള് അദ്ദേഹത്തെ തേടിയെത്തിയിട്ടുണ്ട്.
Movies
മകൾ നന്ദനയുടെ ഓർമയിൽ വിതുമ്പി ഗായിക കെ.എസ്. ചിത്ര. മകൾ കൂടെയില്ലെന്ന സത്യം വേദന സമ്മാനിക്കുന്നതാണെന്ന് ചിത്ര കുറിക്കുന്നു. നന്ദനയുടെ 15-ാം ചരമവാർഷിക ദിനത്തിലാണ് ചിത്രയുടെ ഉള്ളുലയ്ക്കുന്ന കുറിപ്പ്.
‘നീ ഇവിടെ ഇല്ലാത്ത സത്യം എപ്പോഴും എനിക്ക് വേദന നൽകും, പക്ഷേ നമ്മൾ വീണ്ടും കാണും വരെ നിങ്ങൾ എന്റെ ഹൃദയത്തിൽ എന്നെന്നേക്കുമായി ഉണ്ടാകും, മകളുടെ ചിത്രത്തിനൊപ്പം ചിത്ര കുറിച്ചു.
വിവാഹം കഴിഞ്ഞ് വർഷങ്ങൾ നീണ്ട കാത്തിരിപ്പിനൊടുവില് 2002–ലാണ് ചിത്രയ്ക്കും ഭർത്താവ് വിജയശങ്കറിനും മകൾ പിറന്നത്. എന്നാൽ ഇരുവരുടെയും ആഹ്ലാദവും ആഘോഷവും ഏറെ നാൾ നീണ്ടു നിന്നില്ല. 2011ൽ ദുബായിലെ വില്ലയിൽ നീന്തൽ കുളത്തിൽ വീണാണ് ഒമ്പത് വയസുകാരിയായ നന്ദന മരണപ്പെട്ടത്.
National
മുംബൈ: ഹൃദയാഘാതത്തെ തുടർന്ന് ഗായിക ആശ ഭോസ്ലെയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. മുംബൈയിലെ ബ്രീച്ച് കാൻഡി ആശുപത്രിയിലാണ് ആശ ഭോസ്ലെ ചികിത്സയിലുള്ളത്. നിലവിൽ എമർജൻസി മെഡിക്കൽ സർവീസസ് യൂണിറ്റിൽ ചികിത്സയിലാണ്.
കഴിഞ്ഞ കുറച്ച് മാസങ്ങളായി നിരവധി ആരോഗ്യപ്രശ്നങ്ങളാൽ ബുദ്ധിമുട്ട് അനുഭവിക്കുന്നുണ്ടായിരുന്നു. ശനിയാഴ്ചയാണ് ആശ ഭോസ്ലെയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. എന്നാൽ ഇതുസംബന്ധിച്ച് കുടുംബം പ്രതികരിച്ചിട്ടില്ല.
ഇന്ത്യൻ സംഗീതത്തിന് നൽകിയ മികച്ച സംഭാവനകൾ മുൻനിർത്തി നിരവധി പുരസ്കാരങ്ങൾ ആശ ഭോസ്ലെയെ തേടിയെത്തിയിട്ടുണ്ട്. 2000ൽ ദാദാസാഹിബ് ഫാൽക്കെ അവാർഡും 2008ൽ പത്മവിഭൂഷണും നൽകി രാജ്യം ആദരിച്ചിരുന്നു.
Movies
റാപ്പർ വേടൻ വിവാഹിതയാകുന്നു. യുവ എഴുത്തുകാരിയായ നവമി ലതയാണ് വധു. ഇരുവരും ഏറെ നാളായി പ്രണയത്തിലാണ്. ഫെബ്രുവരി 24ന് തൃശൂരിൽ വച്ചാണ് വിവാഹം.
തദ്ദേശ സ്വയംഭരണ ദിനാഘോഷത്തിന്റെ ഭാഗമായി കണ്ണൂർ ധർമശാലയിൽ സർക്കാർ നടത്തുന്ന ഹാപ്പിനസ് ഫെസ്റ്റിവലിൽ വച്ച് സിപിഎം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദനാണ് വേടന്റെ വിവാഹക്കാര്യം അറിയിച്ചത്.
ലളിതമായ ചടങ്ങുകളോടെ രജിസ്റ്റർ വിവാഹം ചെയ്യാനാണ് തീരുമാനമെന്ന് വേടൻ പറഞ്ഞു. ‘മാഷ് പറഞ്ഞതുപോലെ, 24ാം തീയതി ഞാൻ രജിസ്റ്റർ മാരേജ് ചെയ്യാൻ പോവുകയാണ്, എന്റെ കല്യാണമാണ്. നിങ്ങളുടെ എല്ലാവരുടെയും അനുഗ്രഹമുണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നു.നന്ദി’. വേടൻ പറഞ്ഞു. ഹാപ്പിനസ് ഫെസ്റ്റിവലിൽ പരിപാടി അവതരിപ്പിക്കാൻ എത്തിയതായിരുന്നു വേടൻ.
2025ൽ വേടൻ പുറത്തിറക്കിയ ‘മോണലോവ’ എന്ന പാട്ട് തന്റെ കാമുക്കിക്ക് വേണ്ടി എഴുതിയതാണെന്ന് മുൻപ്, വേടൻ വെളിപ്പെടുത്തിയിരുന്നു. കാമുകിക്കുള്ള സമ്മാനമാണ് ‘മോണലോവ’ എന്നാണ് വേടൻ പറഞ്ഞത്. കാമുകിയെ മോണലോവ അഗ്നിപർവതത്തോട് ഉപമിച്ചാണ് വേടൻ പാട്ട് എഴുതിയത്. ഗാനം സമൂഹമാധ്യമങ്ങളിൽ വലിയ തരംഗം തീർത്തിരുന്നു.
Movies
ഗായിക അഭിരാമി സുരേഷിനെതിരെ വീണ്ടും സൈബർ അക്രമണം. ഗായികയുടെ ലൈവ് ഷോയിലെ പ്രകടനത്തിന് നേരെയാണ് ലൈംഗികാധിക്ഷേപവും സൈബർ ആക്രമണവും നടത്തിയത്.
ലൈംഗികാധിക്ഷേപവും ശാരീരിക അധിക്ഷേപവുമെല്ലാം ചെയ്യുന്നത് ഒരു വിനോദം പോലെയായി മാറിയെന്നും സമൂഹമാധ്യമങ്ങൾ മാലിന്യക്കുഴിയായെന്നും അഭിരാമി കുറിച്ചു.
നൂറോളം വ്യത്യസ്ത വീഡിയോകൾക്ക് താഴെയുള്ള കമന്റുകൾ വായിച്ചാണ് ഞാൻ ഉറങ്ങിയത്. ഉണർന്നപ്പോൾ വീണ്ടും അതേ ശബ്ദം കേട്ടു. വ്യത്യസ്ത ആംഗിളുകൾ, വികൃതമായ റാമ്പ് ഷോട്ടുകൾ, താഴെയായി സ്ഥാപിച്ചിരിക്കുന്ന കാമറകൾ, സത്യം പറഞ്ഞാൽ ആരെയും പൂർണമായി കുറ്റപ്പെടുത്താൻ പോലും എനിക്ക് കഴിയില്ല. അതായിരുന്നു സെറ്റപ്പ്. അതായിരുന്നു ആ സ്ഥലം. എങ്കിലും, ഒരുപാട് കാര്യങ്ങൾ വിശദീകരിക്കാൻ ആഗ്രഹിച്ചിട്ട് ഒന്നും പറയാൻ കഴിയാതെ പോകുന്നത് കഷ്ടമാണ്.
ദൈവകൃപകൊണ്ട്, ആ ഷോ ഒരു നിറഞ്ഞ സദസിന് മുന്നിലായിരുന്നു. ആദ്യ നോട്ട് മുതൽ അവസാന ശ്വാസം വരെ, രണ്ടര മണിക്കൂറോളം കളം നിറഞ്ഞുനിന്നു. അനങ്ങാതെ നിന്ന് പാടാൻ കഴിയുന്ന ഒരു ഇതിഹാസ താരമല്ല ഞാൻ. ഞാൻ ഒരു പെർഫോമറാണ്. ഞാൻ ചലിക്കും, നൃത്തം ചെയ്യും എന്റെ ശരീരവും ശ്വാസവും ആ നിമിഷത്തിലേക്ക് ഞാൻ സമർപ്പിക്കും. ഞാൻ അത് കൃത്യമായി ചെയ്തു.
എന്നാൽ സമൂഹ മാധ്യമങ്ങൾക്ക് വ്യത്യസ്തമായൊരു മാനസികാവസ്ഥയാണ്. അപ്പുറത്ത് നിൽക്കുന്നവരോട് അത് ഒട്ടും ദയ കാണിക്കില്ല. ലിംഗഭേദമോ പ്രായമോ സന്ദർഭമോ ഒന്നും അത് പരിഗണിക്കില്ല. ഇതിന് തിരികൊളുത്താൻ ഒരു കമന്റ് മതിയാകും.
വളരെ വേഗം അത് വലിയ മത്സരമായി മാറും. ആരാണ് കൂടുതൽ അപമാനിക്കുന്നത്, ആരാണ് കൂടുതൽ ക്രൂരൻ, ആർക്കാണ് കൂടുതൽ ഉച്ചത്തിലും വൃത്തികെട്ട രീതിയിലും അധിക്ഷേപിക്കാൻ കഴിയുക എന്ന മത്സരമായി അത് മാറും. ശാരീരികമായ അധിക്ഷേപം (ബോഡി ഷെയ്മിംഗ്), ലൈംഗികാധിക്ഷേപം, എല്ലാം ചെയ്യുന്നത് അവർക്കൊരു വിനോദം പോലെയാണ്
പറയുന്ന വാക്കുകളല്ല, ചിന്തകളുടെ അഭാവമാണ് ഏറ്റവും വേദനിപ്പിക്കുന്നത്. അതൊരു ലൈവ് പരിപാടിയാണെന്ന് ചിന്തിക്കാൻ ഒരു നിമിഷം പോലും തയാറാകുന്നില്ല. നിറഞ്ഞ സദസിന് മുന്നിൽ രണ്ടര മണിക്കൂർ നേരം ഒരാൾ ആടുകയും പാടുകയുമാണ്. ലൈവ് പരിപാടിയിൽ പിഴവുകൾ സംഭവിക്കും.
പക്ഷേ ഇപ്പോൾ ആർക്കും അനുകമ്പയില്ല. കണ്ണുമടച്ച് കുറവുകൾ മാത്രം നോക്കാൻ നമ്മൾ സ്വയം പരിശീലിക്കുന്നതുപോലെ തോന്നുന്നു. ചെറുപ്പത്തിലോ ഇപ്പോഴോ ആരെയും അധിക്ഷേപിക്കാൻ ഞാൻ ഒരിക്കലും ശ്രമിച്ചിട്ടില്ല. ഓരോ കലാകാരനും, ഓരോ സംഗീതജ്ഞനും, ഓരോ ഗായകനും, ഓരോ മനുഷ്യനും അവരുടേതായ രീതിയിൽ നിലനിൽക്കാനും, പ്രകടനം കാഴ്ചവയ്ക്കാനുമുള്ള അവകാശമുണ്ട്.
സോഷ്യൽ മീഡിയ നിശബ്ദമായി ഒരു മാലിന്യക്കുഴിയായി മാറി, അവിടെ വിജയിക്കുക എന്നാൽ ഏറ്റവും മോശക്കാരാവുക എന്നാണ്. ആർക്കാണ് കൂടുതൽ വേദനിപ്പിക്കാൻ കഴിയുക എന്നാണ് നോക്കുന്നത്. നമ്മൾ എങ്ങനെ ഇവിടെയെത്തിയെന്ന് എനിക്കറിയില്ല.
ഇന്നലെ രാത്രി അതെനിക്ക് വലിയ വിഷമമുണ്ടാക്കി. ഇന്ന് രാവിലെ എനിക്ക് രസകരവും സങ്കടകരവുമായ ഒരു കാര്യം മനസിലായി. ഒരു കപ്പ് പോസിറ്റിവിറ്റി കൊണ്ട് കാട്ടുതീ അണയ്ക്കാനാകില്ല. അതുകൊണ്ട്, ക്ഷീണിതയായി, ശ്വാസംമുട്ടി, നിശബ്ദയായി ഞാനൊരു വശത്തേക്ക് മാറിനിൽക്കുകയാണ്.
അതിനെതിരെ പോരാടുന്നില്ലെന്ന് തീരുമാനിക്കുകയാണ്. കൂടുതൽ ദയ വേണ്ട ലോകത്ത് നമ്മൾ കൂടുതൽ വെറുപ്പാണ് കൈമാറുന്നത്. ഒരുപക്ഷേ അതായിരിക്കാം തമാശ. അതായിരിക്കാം കുറ്റസമ്മതം. അതങ്ങനെ തന്നെ ഇരിക്കട്ടെ.’
താൻ ഇതൊക്കെയും അതിജീവിക്കുമെന്നും താൻ ശക്തയാണെന്നും പോസ്റ്റിന് അടിക്കുറിപ്പായി അഭിരാമി കുറിച്ചു. ‘കുറേക്കാലമായി സോഷ്യൽ മീഡിയ എന്റെ ജീവിതത്തിന്റെ ഭാഗമാണ്. ചിലപ്പോൾ അതൊരു ഡയറി പോലെയാണ്. സമൂഹത്തിനോ പ്രേക്ഷകർക്കോ ഞാൻ എന്ത് ദ്രോഹമാണ് ചെയ്തതെന്ന് അറിയാതെയാണ് ഞാൻ അധിക്ഷേപം നേരിടുന്നത്. കുടുംബമെന്നും സുഹൃത്തുക്കളെന്നും വിളിക്കാവുന്ന ചില മനുഷ്യരെ ലഭിച്ചതിൽ ഭാഗ്യവതിയാണ്. എല്ലാവർക്കും ആ അനുഗ്രഹം ലഭിക്കില്ല.
വിദ്യാർഥിയോ പ്രൊഫഷണലോ കലാകാരനോ പെൺകുട്ടിയോ ട്രാൻസ്ജെൻഡറോ ആരോ ആകട്ടെ, ഇനി വെറുമൊരു മനുഷ്യനാണെങ്കിൽ പോലും നിങ്ങൾ അധിക്ഷേപ വാക്കുകൾ അർഹിക്കുന്നില്ല.
നിങ്ങളെ വലിച്ച് താഴെയിടാൻ ശ്രമിക്കുമ്പോൾ ഓർമിക്കുക, അവർ നിങ്ങളുടെ പ്രഭ കെടുത്താനായി അവരുടെ ഊർജവും സമയവും ചെലവഴിക്കുകയാണ്. അതിൽ വീണുപോകരുത്. നിങ്ങളുടെ നിലനിൽപ്പിന് അവരുടെ അംഗീകാരം ആവശ്യമില്ല.
വർഷങ്ങളായി ധൈര്യത്തെ ഞാൻ കവചം പോലെ അണിയുകയാണ്. എനിക്ക് ആവശ്യമുള്ളപ്പോൾ അത് എന്നെ സംരക്ഷിക്കും. ആ ധൈര്യം നേടുന്നതുവരെ ഞാൻ അഭിനയിക്കുമായിരുന്നു. ഇടയ്ക്ക് എപ്പോഴോ ഞാൻ ശരിക്കും ശക്തയായി. ശക്തി എന്നാൽ നിശബ്ദത എന്നല്ല. കരയുക, അനുഭവിക്കുക, കടന്നുപോവുക എന്നിവയൊന്നും നമ്മെ ദുർബലരാക്കുന്നില്ല. അത് നമ്മെ മനുഷ്യരാക്കും.
ഈ നിമിഷം വേദനിക്കുന്നവരോട്, ഇത് കൂടെ മനസിലാക്കുക: നിങ്ങൾ ഒറ്റയ്ക്കല്ല. നിങ്ങളുടെ സങ്കടങ്ങൾ കാണുന്നുണ്ട്. നിങ്ങൾക്ക് സ്നേഹവും ശക്തിയും നേരുന്നു. കൂടുതൽ തിളക്കമുള്ള ദിവസങ്ങൾ നിങ്ങളെ കാത്തിരിക്കുന്നുണ്ട്.’- അഭിരാമിയുടെ വാക്കുകൾ.
Movies
ഗായകൻ അർജിത്ത് സിംഗിന്റെ പിന്നണി ഗാനരംഗത്തു നിന്നുള്ള വിരമിക്കൽ പ്രഖ്യാപനം ആരാധകരെ തെല്ലൊന്നുമല്ല നിരാശരാക്കിയത്. നിരവധി പേരാണ് ഗായകന്റെ ഈ പ്രഖ്യാപനം ശരിയായ തീരുമാനമാണോയെന്ന് ചോദിക്കുന്നത്.
എന്നാൽ ഗായകന്റെ ഈ തീരുമാനത്തെ പിന്തുണച്ച് ഗായിക ശ്രേയാ ഘോഷാലും രംഗത്തെത്തി. അർജിത്തിന് ഉയരങ്ങളിലേയ്ക്ക് പറക്കാനായെന്നും പുതിയൊരു ഘട്ടത്തിന്റെ തുടക്കമാണിതെന്നും ശ്രേയ പറഞ്ഞു.
അർജിത് സിംഗിന്റെ പുതിയൊരു ഘട്ടത്തിന്റെ തുടക്കമാണിത്. ഈ പ്രതിഭയുടെ അടുത്ത സൃഷ്ടി കേൾക്കാനും അനുഭവിക്കാനും എനിക്ക് ശരിക്കും ആവേശമുണ്ട്!! ഇതൊരു യുഗത്തിന്റെ അവസാനമാണെന്ന് ഒരിക്കലും പറയാനാകില്ല.
പരമ്പരാഗതമായ ഉപാധികളും മാധ്യമങ്ങളും ഉപയോഗിച്ച് ഒരു മികച്ച കലാകാരനെ ഒരിക്കലും നിർവചിക്കാനോ, ഒരു നിശ്ചിത ഫോർമുലയിൽ ഉൾപ്പെടുത്താനോ കഴിയില്ല. എന്റെ പ്രിയപ്പെട്ട അർജിത്തിന് കൂടുതൽ ഉയരങ്ങളിലേക്ക് പറക്കാൻ സമയമായി.- ശ്രേയ ഘോഷാൽ കുറിച്ചു.
അതേസമയം സിനിമാ മേഖലയിലും സംഗീത ലോകത്തുമുള്ള നിരവധി പ്രമുഖരാണ് അർജിത്തിന് പിന്തുണയുമായെത്തിയിരിക്കുന്നത്.
National
ചണ്ഡീഗഡ്: പഞ്ചാബി ഗായകൻ ബി. പ്രാക്കിന് വധഭീഷണി. പ്രാക്കിന്റെ സഹപ്രവർത്തകനും ഗായകനുമായ ദിൽനൂറിനാണ് ഭീഷണി സന്ദേശം ലഭിച്ചത്. 10 കോടി രൂപ വേണമെന്നും അല്ലാത്ത പക്ഷം കുഴിച്ചുമൂടുമെന്നുമാണ് ഭീഷണി.
പഞ്ചാബി ഗായകനും രാഷ്ട്രീയ നേതാവുമായിരുന്ന സിദ്ദു മുസെവാലയെ കൊലപ്പെടുത്തിയ കേസിൽ പ്രതിയായ ലോറൻസ് ബിഷ്ണോയിയുടെ ഗുണ്ടാസംഘത്തിലുള്ള ആളാണ് വധഭീഷണി മുഴക്കിയതെന്ന് സംശയിക്കുന്നു. ലോറൻസിന്റെ സഹോദരൻ അൻമോൾ ബിഷ്ണോയി എന്ന് പരിചയപ്പെടുത്തികൊണ്ട് ഒരാൾ ദിൽനൂറിന് ശബ്ദ സന്ദേശമയക്കുകയായിരുന്നു.
ഒരാഴ്ചകകം 10 കോടി രൂപ കൊടുത്തില്ലെങ്കിൽ മണ്ണിൽ കുഴിച്ചിടുമെന്നും ഇതൊരു വ്യാജ സന്ദേശമായി കണരുതെന്നുമാണ് ശബ്ദ സന്ദേശത്തിലുണ്ടയിരുന്നത്. ഇതേ തുടർന്ന് ദിൽനൂർ പോലീസിൽ പരാതി നൽകി. സംഭവത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചു.
Movies
ഗന്ധര്വ ഗായകന് കെ.ജെ യേശുദാസിന് ഇന്ന് 86-ാം പിറന്നാള്. കഴിഞ്ഞ ആറര പതിറ്റാണ്ടിലേറെയായി മലയാളിയുടെ പുലരികളെയും സന്ധ്യകളെയും സംഗീതസാന്ദ്രമാക്കുന്നത് യേശുദാസിന്റെ ശബ്ദമാണ്.
1940 ജനുവരി 10ന് ഫോര്ട്ട് കൊച്ചിയിലാണ് യേശുദാസിന്റെ ജനനം. പ്രസിദ്ധ സംഗീതജ്ഞനും നാടക നടനുമായിരുന്ന അഗസ്റ്റിന് ജോസഫ് ഭാഗവതരുടെയും എലിസബത്തിന്റേയും മകനായാണ് യേശുദാസ് ജനിച്ചത്. ഈ ദമ്പതികളുടെ ഏഴ് മക്കളില് രണ്ടാമനായിരുന്നു യേശുദാസ്.
1961ല് "കാല്പ്പാടുകള്' എന്ന സിനിമയ്ക്കായാണ് ഇരുപത്തൊന്നുകാരനായിരുന്ന യേശുദാസിന്റെ സ്വരം ആദ്യമായി റെക്കോര്ഡ് ചെയ്യപ്പെട്ടത്.
അന്നു തൊട്ട് ഇന്നുവരെ ലോകത്താകെയുള്ള സംഗീതാസ്വാദകര്ക്ക് പ്രണയം, വിരഹം, ദു:ഖം, നിരാശ, സന്തോഷം തുടങ്ങി അവരുടെ വികാരങ്ങളുടെ പ്രതിഫലനമായ ഗാനഗന്ധര്വന്റെ സ്വരമാധുരി ഏറെ പ്രിയങ്കരമാണ്.
ജാതിമതഭേദമന്യേ, നിരവധി ഭക്തിഗാനങ്ങളിലും യേശുദാസ് ഹിറ്റുകള് സമ്മാനിച്ചു. ദൈവങ്ങളെ ദിവസവും മന്ത്രിച്ചുണര്ത്തുന്ന ശബ്ദമായി യേശുദാസ് മാറുകയായിരുന്നു. ഇപ്പോള് അദ്ദേഹം കുടുംബസമേതം അമേരിക്കയിലാണ് താമസം.
Kerala
കൊടുങ്ങല്ലൂർ: അഴിക്കോട് മാർത്തോമ റിസർച്ച് അക്കാദമിയുടെ ആഭിമുഖ്യത്തിൽ അഴിക്കോട് മാർത്തോമ തീർഥ കേന്ദ്രത്തിൽവച്ച് നടക്കുന്ന ഹാർമണി അന്തർദേശീയ മതസൗഹാർദ സംഗീത നൃത്ത കലാമേളയുടെ ഹാർമണി അവാർഡ് പിന്നണി ഗായകൻ കെ.ജി. മാർക്കോസിന് സമ്മാനിക്കും. 50,000 രൂപയും, പ്രശസ്തിപത്രവും, ഫലകവും അടങ്ങുന്നതാണ് അവാർഡ്.
ഫാ. ഡോ. പോൾ പൂവത്തിങ്കൽ, ഗായകൻ പ്രദീപ് സോമസുന്ദരൻ, പ്രഫ. ജോർജ് എസ്. പോൾ, ഡോ. സി.കെ. തോമസ് എന്നിവരടങ്ങുന്ന കമ്മിറ്റിയാണ് അവാർഡ് ജേതാവിനെ തെരഞ്ഞെടുത്തത്.
ജനുവരി 18ന് വൈകിട്ട് 6.30ന് നടക്കുന്ന ഹാർമണി ഫെസ്റ്റിവലിന്റെ സമാപനയോഗത്തിൽവച്ച് പ്രശസ്ത സംഗീത സവിധായകൻ വിദ്യാധരൻ മാസ്റ്റർ അവാർഡ് സമ്മാനിക്കും.
International
ധാക്ക: ബംഗ്ലാദേശിൽ പ്രശസ്ത ഗായകൻ ജെയിംസിന്റെ സംഗീത പരിപാടി നടക്കാനിരുന്ന വേദിക്ക് നേരെ അക്രമം. ഫരീദ്പുരിലെ ഒരു സ്കൂളിലെ വാർഷികവുമായി ബന്ധപ്പെട്ട് വെള്ളിയാഴ്ച രാത്രി ഒൻപതിനായിരുന്നു സംഗീത പരിപാടി നിശ്ചയിച്ചിരുന്നത്.
എന്നാൽ, പരിപാടി ആരംഭിക്കുന്നതിന് തൊട്ടുമുൻപ് ഒരു സംഘമാളുകൾ എത്തുകയും വേദിയിലേക്കും കാണികളുടെ നേർക്കും കല്ലുകളും ഇഷ്ടികകളും വലിച്ചെറിയുകയുമായിരുന്നു. ഇതിനു പിന്നാലെ പരിപാടി റദ്ദാക്കി.
അക്രമത്തിൽ ഒട്ടേറെയാളുകൾക്ക് പരിക്കേറ്റു. സ്കൂളിലെ നിരവധി വിദ്യാർഥികൾക്കും പരിക്കേറ്റതായി റിപ്പോർട്ടുണ്ട്. ജെയിംസിനെ കനത്ത സുരക്ഷയോടെ പുറത്തേക്ക് കൊണ്ടുപോയി. അദ്ദേഹത്തിനോ സംഘാംഗങ്ങൾക്കോ പരിക്കില്ലെന്നാണ് വിവരം.
National
ഗോഹട്ടി: ഗായകൻ സുബീൻ ഗാർഗിന്റെ ദുരൂഹമരണവുമായി ബന്ധപ്പെട്ട കേസിൽ ഏഴുപ്രതികൾക്കെതിരേ വിചാരണയ്ക്കു തുടക്കം. വീഡിയോ കോൺഫറൻസിംഗിലൂടെയാണു കാംരുപ് (മെട്രോ) ജില്ലാ സെഷൻസ് കോടതി മുന്പാകെ പ്രതികൾ എത്തിയത്.
അടുത്തവാദം കേൾക്കുന്ന ജനുവരി മൂന്നിനു പ്രതികൾക്കെതിരേയുള്ള കുറ്റങ്ങളും ചുമത്തുമെന്നാണു സൂചന. കഴിഞ്ഞ സെപ്റ്റംബർ 19 നു സിംഗപുരിൽ നോർത്ത് ഈസ്റ്റ് ഇന്ത്യ ഫെസ്റ്റിവലിൽ പരിപാടി അവതരിപ്പിക്കുന്നതിനായി എത്തിയപ്പോഴാണു ഗായകന്റെ മരണം. കടലിൽ കുളിക്കുന്നതിനിടെ മുങ്ങിമരിച്ചുവെന്നാണു റിപ്പോർട്ട്.
സംഭവം വിവാദമായതിനെത്തുടർന്ന് ആസാം സർക്കാർ അന്വേഷണത്തിനായി പ്രത്യേക സംഘത്തെ നിയോഗിച്ചു. ഫെസ്റ്റിവൽ സംഘാടകൻ ശ്യാംകാനു മഹന്ത, ഗായകന്റെ സെക്രട്ടറി സിദ്ധാർഥ ശർമ, അർധസഹോദരൻ സന്ദീപൻ ഗാർഗ്, സ്വകാര്യ സുരക്ഷാ ഓഫീസർമാരായ നന്ദേശ്വർ ബോറ, പരേഷ് ബൈശ്യ, ഗായകരായ ശേഖർജ്യോതി ഗോസ്വാമി, അമൃത്പ്രവ മഹന്ത എന്നിവരെ പ്രതിചേർക്കുകയുമായിരുന്നു.
Movies
ഗായകൻ ജി. വേണുഗോപാലിന്റെ മകൻ അരവിന്ദ് വേണുഗോപാൽ വിവാഹിതനായി. നടിയും മോഡലും നര്ത്തകിയുമായ സ്നേഹ അജിത്താണ് വധു.
വെള്ളിയാഴ്ച രാവിലെ കോവളം കെടിഡിസി സമുദ്രയിൽ വച്ചായിരുന്നു ചടങ്ങുകൾ നടന്നത്. കഴിഞ്ഞ സെപ്റ്റംബറിലാണ് അരവിന്ദ് വേണുഗോപാലിന്റെയും സ്നേഹയുടെയും വിവാഹം നിശ്ചയം കഴിഞ്ഞത്.
മമ്മൂട്ടി നായകനായ ബസൂക്കയില് സ്നേഹ ശ്രദ്ധേയമായ കഥാപാത്രത്തെ അവതരിപ്പിച്ചിട്ടുണ്ട്. ദ് ട്രെയ്ന് എന്ന ചിത്രത്തിലാണ് അരവിന്ദ് വേണുഗോപാൽ ആദ്യമായി പാടുന്നത്. സണ്ഡേ ഹോളിഡേ, ലൂക്ക, ഹൃദയം, മധുര മനോഹര മോഹം തുടങ്ങി നിരവധി ചിത്രങ്ങളില് അദ്ദേഹം പാടിയിട്ടുണ്ട്. മണ്സൂണ് രാഗ എന്ന ചിത്രത്തിലൂടെ കന്നഡയിലും അരങ്ങേറി.
National
ഗോഹട്ടി: ഗായകൻ സുബിൻ ഗാർഗിനു കോട്ടൺ സർവകലാശാല മരണാനന്തര ബഹുമതിയായി ഡിലിറ്റ് സമ്മാനിക്കും.
സർവകലാശാലയിലെ കൊൺവെക്കേഷനിൽ ഗവർണർ ലക്ഷ്മൺ പ്രസാദ് ആചാര്യ ബിരുദം സമ്മാനിക്കും. സുബിൻ ഗാർഗിന്റെ സഹോദരി ഡോ. പാൽമി ബോർതാക്കുർ ബഹുമതി ഏറ്റുവാങ്ങും.
സെപ്റ്റംബർ 19നു സിംഗപുരിൽ ദുരുഹസാഹചര്യത്തിലാണു ഗായകന്റെ മരണം. കടലിൽ നീന്തുന്നതിനിടെ അപകടമുണ്ടായെന്നാണു പറയപ്പെടുന്നത്. മരണത്തിലെ ദുരൂഹത കണ്ടെത്തുന്നതിന് ആസാം സർക്കാർ നിയോഗിച്ച പ്രത്യേകസംഘം അന്വേഷണം തുടരുകയാണ്.
Kerala
കൊച്ചി: ആരോഗ്യപ്രശ്നങ്ങളെ തുടർന്ന് റാപ്പർ വേടനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. വേടനെ തീവ്രപരിചണ വിഭാഗത്തിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്.
വേടനെ ആശുപത്രിയിൽ പ്രവേശിപ്പിച്ച സാഹചര്യത്തിൽ നവംബർ 28ന് ദോഹയിൽ നടക്കാനിരുന്ന പരിപാടി മാറ്റിവച്ചു. ഡിസംബർ 12നേക്കാണ് നിലവിൽ പരിപാടി മാറ്റിവച്ചിരിക്കുന്നത്. ആരോഗ്യ സ്ഥിതിയെക്കുറിച്ച് കൂടുതൽ വിവരങ്ങൾ ലഭ്യമായിട്ടില്ല.
Movies
മുംബൈ: പ്രമുഖ നടിയും ഗായികയുമായിരുന്ന സുലക്ഷണ പണ്ഡിറ്റ് (71) അന്തരിച്ചു. ഹൃദയാഘാതത്തെത്തുടർന്ന് വ്യാഴാഴ്ചയായിരുന്നു അന്ത്യം. സുലക്ഷണയുടെ സഹോദരൻ ലളിത് പണ്ഡിറ്റാണ് മരണവിവരം സ്ഥിരീകരിച്ചത്.
ഹരിയാനയിലെ ഹിസറിൽ നിന്നുള്ള ഒരു സംഗീത കുടുംബത്തിൽ ജനിച്ച സുലക്ഷണ പണ്ഡിറ്റ് 1975ൽ ഉൽജാൻ എന്ന ചിത്രത്തിലൂടെയാണ് സിനിമാരംഗത്ത് കടന്നുവന്നത്. ചെഹ്രെ പെ ചെഹ്രാൻ, സങ്കോച്, ഹേരാ ഫേരി, ഖണ്ഡാൻ തുടങ്ങിയ സിനിമകളിൽ അഭിനയിച്ചു.
പിന്നണിഗായിക എന്ന നിലയിലും തിളങ്ങിയ സുലക്ഷണ ‘തു ഹി സാഗർ തു ഹി കിനാര’, ‘പർദേശിയ തേരേ ദേശ് മേ’, ‘ബാന്ധി രേ കഹേ പ്രീത്’, ‘സോംവാർ കോ ഹം മിലേ’ തുടങ്ങിയ ഹിറ്റുകൾ പാടിയിട്ടുണ്ട്.
National
മുംബൈ: പ്രമുഖ നടിയും ഗായികയുമായിരുന്ന സുലക്ഷണ പണ്ഡിറ്റ് (71) അന്തരിച്ചു. ഹൃദയാഘാതത്തെത്തുടർന്ന് വ്യാഴാഴ്ചയായിരുന്നു അന്ത്യം. സുലക്ഷണയുടെ സഹോദരൻ ലളിത് പണ്ഡിറ്റാണ് മരണവിവരം സ്ഥിരീകരിച്ചത്.
ഹരിയാനയിലെ ഹിസറിൽ നിന്നുള്ള ഒരു സംഗീത കുടുംബത്തിൽ ജനിച്ച സുലക്ഷണ പണ്ഡിറ്റ് 1975ൽ ഉൽജാൻ എന്ന ചിത്രത്തിലൂടെയാണ് സിനിമാരംഗത്ത് കടന്നുവന്നത്. ചെഹ്രെ പെ ചെഹ്രാൻ, സങ്കോച്, ഹേരാ ഫേരി, ഖണ്ഡാൻ തുടങ്ങിയ സിനിമകളിൽ അഭിനയിച്ചു.
പിന്നണിഗായിക എന്ന നിലയിലും തിളങ്ങിയ സുലക്ഷണ ‘തു ഹി സാഗർ തു ഹി കിനാര’, ‘പർദേശിയ തേരേ ദേശ് മേ’, ‘ബാന്ധി രേ കഹേ പ്രീത്’, ‘സോംവാർ കോ ഹം മിലേ’ തുടങ്ങിയ ഹിറ്റുകൾ പാടിയിട്ടുണ്ട്.
National
ഗോഹട്ടി: പ്രമുഖ ഗായകൻ സുബീൻ ഗാർഗിന്റെ ചിതാഭസ്മം സംസ്കാരം നടത്തി 37 ദിവസത്തിനുശേഷം ബ്രഹ്മപുത്ര നദിയിൽ നിമജ്ജനം ചെയ്തു. അദ്ദേഹത്തിന്റെ ബന്ധുക്കളും സുഹൃത്തുക്കളും പങ്കെടുത്തു.
നോർത്ത് ഈസ്റ്റ് ഇന്ത്യ ഫെസ്റ്റിവലിൽ പങ്കെടുക്കാൻ സിംഗപ്പുരിലെത്തിയ സുബീൻ ഗാർഗിനെ സെപ്റ്റംബർ 19ന് കടലിൽ ദുരൂഹസാഹചര്യത്തിൽ മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു.
National
സിംഗപ്പൂർ: ബോളിവുഡ് ഗായകൻ സുബിൻ ഗാർഗിന് (53) ദാരുണാന്ത്യം. സിംഗപ്പൂരിൽവച്ച് സ്കൂബ ഡൈവിംഗിനിടെയുണ്ടായ അപകടത്തെ തുടർന്നായിരുന്നു അന്ത്യം. സുബിൻ നോർത്ത് ഈസ്റ്റ് ഇന്ത്യ ഫെസ്റ്റിവലിന്റെ ഭാഗമായാണ് സിംഗപ്പൂരിലെത്തിയത്.
2006ൽ പുറത്തിറങ്ങിയ ഗാങ്സ്റ്റർ ചിത്രത്തിലെ ‘യാ ആലി’ എന്ന ഗാനത്തിലൂടെയാണ് സുബീൻ ബോളിവുഡിൽ പ്രശസ്തനായത്. ആസാം സ്വദേശിയാണ് സുബിൻ ഗാർഗ്. ഹിന്ദി, ബംഗാളി, അസാമീസ് ഭാഷകളിലെ സിനിമകളില് സുബിൻ പാടിയിട്ടുണ്ട്. നിരവധി ആസാമീസ് നാടോടി ഗാന ആൽബങ്ങളും സുബീന്റേതായുണ്ട്.
സ്കൂബ ഡൈവിംഗിനിടെ സുബിന് ശ്വാസതടസമുണ്ടാവുകയായിരുന്നു. ഉടന് തന്നെ കരയിലെത്തിച്ച് സിപിആര് നല്കി. തുടര്ന്ന് ആശുപത്രിയിലേക്ക് മാറ്റുകയും ചെയ്തെന്നും ഉച്ചയ്ക്ക് രണ്ടരയോടെ മരണം സംഭവിക്കുകയായിരുന്നുവെന്നും നോര്ത്ത് ഈസ്റ്റ് ഇന്ത്യ ഫെസ്റ്റിവല് പ്രതിനിധി അറിയിച്ചു.